അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ അപകടം വിചാരിച്ചതിനെക്കാള്‍ തീവ്രം, തലകീഴായി മറിഞ്ഞത് രണ്ടുതവണ

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ടായ അപകടം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നതിനേക്കാള്‍ ഭീകരമായിരുന്നുവെന്ന് പുതിയ വെളിപ്പെടുത്തല്‍. ബഹിരാകാശ നിലയത്തിലുണ്ടായ ചില സാങ്കേതിക തകരാറുകള്‍ കാരണം ബഹിരാകാശ നിലയം ഏകദേശം 540 ഡിഗ്രിയോളം തലകീഴായി മറിഞ്ഞതായാണ് പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞ മാസം 29നാണ് റോക്കറ്റുകള്‍ തനിയേ പ്രവര്‍ത്തിച്ചതുകാരണം ബഹിരാകാശ നിലയ തലകീഴായി മറിയുന്നത്. എന്നാല്‍ ചെറിയൊരു സാങ്കേതിക പ്രശ്നം മാത്രമായാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് കരുതിയതു പോലെ ഇതത്ര നിസാര പ്രശ്നമായിരുന്നില്ലെന്ന് നാസ അധികൃതര്‍ക്കു മനസിലായത്.
ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ യാത്രിതര്‍ക്കു പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും പെട്ടെന്നുണ്ടായ അനക്കം ബഹിരാകാശ നിലയത്തിന് സാരമായ കേടുപാടുകള്‍ ഉണ്ടാക്കാനുള്ള സാദ്ധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. നാശത്തിന്റെ തോത് ശാസ്ത്രജ്ഞര്‍ അളന്നുകൊണ്ടിരിക്കുകയാണ്.
ആദ്യം 540 ഡിഗ്രി തലകീഴായി മറിഞ്ഞ ബഹിരാകാശ നിലയം ഒരു 180 ഡിഗ്രി കൂടി രണ്ടാമത് തലകീഴായി മറിഞ്ഞിട്ടാണ് ഇപ്പോഴത്തെ അവസ്ഥയിലെത്തിയതെന്ന് നാസയുടെ മിഷന്‍ കണ്ട്രോള്‍ ഇന്‍ ചാര്‍ജ് ആയ സെബുലോണ്‍ സ്കോവില്ലെ മാദ്ധ്യമങ്ങളോട് പറഞ്ഞു.