തട്ടിക്കൊണ്ടുപോയതായ ഇന്ത്യക്കാരെ വിട്ടയച്ചുവെന്ന് റിപ്പോര്‍ട്ട്; എല്ലാവരും സുരക്ഷിതരെന്ന് അധികൃതര്‍, അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ കൂടുതല്‍ വിമാനങ്ങളുമായി ഇന്ത്യ

തട്ടിക്കൊണ്ടുപോയതായ ഇന്ത്യക്കാരെ വിട്ടയച്ചുവെന്ന് റിപ്പോര്‍ട്ട്; എല്ലാവരും സുരക്ഷിതരെന്ന് അധികൃതര്‍, അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ കൂടുതല്‍ വിമാനങ്ങളുമായി ഇന്ത്യ

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്ത് നിന്ന് താലിബാന്‍ തട്ടിക്കൊണ്ടുപോയതായി കരുതിയ ഇന്ത്യക്കാരെ വിട്ടയച്ചുവെന്ന് റിപ്പോ‍ര്‍ട്ട്. എല്ലാവരും സുരക്ഷിതരാണെനാണ് ലഭ്യമാകുന്ന വിവരം. കൂടാതെ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യ എത്തിക്കുമെന്നും കേന്ദ്രം അറിയിച്ചു. മടങ്ങിയെത്താനുള്ള ഇന്ത്യക്കാരെ വിമാനത്താവളത്തില്‍ എത്തിക്കുകയുണ്ടായി. കുടുങ്ങിയ എല്ലാവരെയും വിമാനത്താവളത്തില്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

വിമാനത്താവളത്തിന് അകത്തേക്ക് കയറാനെത്തിയ ചിലരെ താലിബാന്‍ ബലമായി പിടിച്ചുമാറ്റിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നത്. ഇവരെ താലിബാന്‍ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എന്നാണ് വിവരം. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം താലിബാന്‍ നിഷേധിക്കുകയുണ്ടായി. ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നാണ് താലിബാന്‍ വ്യക്തമാക്കിയത്. വിമാനത്താവളത്തിന് പുറത്തെ സ്ഥിതി നിയന്ത്രിക്കാനാണ് ശ്രമം എന്നും താലിബാന്‍ വക്താവ് അറിയിച്ചു. ഇരുന്നൂറോളം ഇന്ത്യക്കാര്‍ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയാണ് എന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

അതോടൊപ്പം തന്നെ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യ വീണ്ടും ഒഴിപ്പിക്കല്‍ തുടങ്ങിയിട്ടുമുണ്ട്. ഇന്ത്യക്കാരുമായി ഒരു വ്യോമസേനാ വിമാനം അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുപൊങ്ങിയെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 85 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉള്ളതെന്ന് സൂചന. ഇന്ധനം നിറയ്ക്കാന്‍ ഈ വ്യോമസേനാ വിമാനം നിലവില്‍ താജിക്കിസ്ഥാനില്‍ ഇറങ്ങിയിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വിമാനം ഇന്ത്യയിലെത്തുന്നതാണ്. ദില്ലിയിലെ ഹിന്‍ഡന്‍ വിമാനത്താവളത്തിലേക്കായിരിക്കും ഈ വിമാനം എത്തുക എന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യത്തില്‍ അന്തിമസ്ഥിരീകരണമായിട്ടില്ല.

അതേസമയം എംബസി ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പൗരന്‍മാരെ അഫ്ഗാനില്‍ നിന്ന് പുറത്തേക്ക് എത്തിക്കാനായി എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കാബൂള്‍ വിമാനത്താവളത്തിന്‍റെ സുരക്ഷയ്ക്കായി 6000 സൈനികരെയും യുഎസ് ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. അഫ്ഗാനില്‍ കുടുങ്ങി കിടക്കുന്ന പൗരന്മാരെ രക്ഷിക്കാന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ്.