പുറത്ത് സ്ഫോടനശബ്‍ദങ്ങൾ, എയർ സൈറൺ, പകച്ച് മലയാളി കുട്ടികൾ

പുറത്ത് സ്ഫോടനശബ്‍ദങ്ങൾ, എയർ സൈറൺ, പകച്ച് മലയാളി കുട്ടികൾ

കീവ്: യുക്രൈനിലെ വിവിധ നഗരങ്ങളിലായി പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾ പലരും കടുത്ത ദുരിതത്തിലും ആശങ്കയിലുമാണ്. പുറത്ത് പലരും സ്ഫോടനശബ്ദങ്ങൾ കേൾക്കുന്നുണ്ട്. വ്യോമാക്രമണങ്ങൾ നടക്കാനുള്ള എയർ സൈറൺ കേൾക്കുന്നതും പലരും ഓടി ബങ്കറുകളിലേക്കും ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലേക്കും ഓടിക്കയറുകയാണ്. മുകളിൽ തുടർച്ചയായി ഷെല്ലിംഗ് കേൾക്കുന്നതിനിടെയാണ് കുട്ടികൾ ഞങ്ങളോട് സംസാരിക്കുന്നത്. എംബസിയിൽ നിന്ന് ഒരു തരത്തിലും വിവരങ്ങൾ ലഭിക്കുന്നില്ല. തലേന്ന് എടിഎമ്മുകളിൽ നിന്ന് പണം കിട്ടുകയോ ഭക്ഷണവും വെള്ളവും കിട്ടുകയോ ചെയ്യുന്നില്ല എന്നതായിരുന്നു ആശങ്കയെങ്കിൽ ഇന്ന് എങ്ങനെയെങ്കിലും ജീവൻ രക്ഷിച്ചാൽ മതിയെന്നാണ് കുട്ടികൾ പറയുന്നത്. കിഴക്കൻ യുക്രൈനിൽ താമസിക്കുന്ന പലർക്കും ഒരു തരത്തിലും എങ്ങോട്ടേക്കും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. റോഡിലേക്ക് ഇറങ്ങാൻ പോലും കഴിയില്ല. എത്രയും വേഗം കീവ് പിടിച്ചെടുക്കുക എന്നതാണ് റഷ്യൻ സൈന്യത്തിന്‍റെ ആവശ്യം. അതിനാൽത്തന്നെ തുടർച്ചയായ ഷെല്ലിംഗുകളും ബോംബിംഗുമാണ് നടക്കുന്നത്. എംബസി ഉദ്യോഗസ്ഥർ തുടർച്ചയായി പല കുട്ടികളോടും ആവശ്യപ്പെടുന്നത് പടിഞ്ഞാറൻ യുക്രൈനിലേക്ക് എത്താനാണ്. എന്നാൽ ഭൂഗർഭ ബങ്കറുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയിൽ തുടരുന്ന തങ്ങൾ എങ്ങനെ അങ്ങോട്ടെത്തും എന്നാണ് കുട്ടികൾ ചോദിക്കുന്നത്. റോ‍ഡ് മാർഗം യാത്ര ചെയ്യുക എന്നത് അത്യന്തം അപകടകരമാണ്. തുടർച്ചയായി കേൾക്കുന്നത് സ്ഫോടനശബ്ദങ്ങൾ മാത്രമാണ്.സർവകലാശാലകളിൽ പല കുട്ടികൾക്കുമുള്ള മെന്‍റർമാർ മാത്രമാണ് ആകെ ആശ്വാസം. അവർ മാത്രമാണ് വിവരങ്ങൾ കൃത്യമായി അറിയിച്ച് നൽകുന്നത്. മിനിഞ്ഞാന്ന് വരെ ക്ലാസുണ്ടായിരുന്ന കുട്ടികളാണ് ഇന്നലെ അപ്രതീക്ഷിതമായി യുദ്ധം തുടങ്ങിയതോടെ ആകെ ദുരിതത്തിലായിട്ടുള്ളത്. ഓഫ് ലൈൻ ക്ലാസുകൾ നടക്കുന്നതിനാൽത്തന്നെയാണ് കുട്ടികൾ മടങ്ങാൻ മടിച്ചത്. അറ്റൻഡൻസ് ഉൾപ്പടെ നഷ്ടമാകുമെന്ന ഭയവും പലർക്കുമുണ്ടായിരുന്നു. വളരെ സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളാണ് പലരും. ലോൺ എടുത്ത് പഠിക്കുന്നവരാണ് മിക്ക കുട്ടികളും. അതിനാൽത്തന്നെ പല തവണ വിമാനട്ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ അവർക്ക് കഴിയില്ല എന്നും പലരും വ്യക്തമാക്കുന്നുണ്ട്.