റെയിൽവേ നിയമനത്തിന് കോഴയായി ഭൂമിയെഴുതി വാങ്ങി, ലാലുപ്രസാദ് യാദവിന്റെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്

റെയിൽവേ നിയമനത്തിന് കോഴയായി ഭൂമിയെഴുതി വാങ്ങി, ലാലുപ്രസാദ് യാദവിന്റെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്

ദില്ലി: ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെയും മകളുടേയും വസതികളിലും ഓഫീസുകളിലും സിബിഐ റെയിഡ്. ബിഹാറിലും ദില്ലിയിലുമായി17 ഇടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേയിൽ ജോലി ലഭിക്കാൻ ഉദ്യോഗാർത്ഥികളിൽ നിന്ന് ഭൂമി എഴുതി വാങ്ങിയെന്ന പുതിയ കേസിലാണ് സിബിഐ അന്വേഷണ സംഘം പരിശോധന നടത്തുന്നത്. 2004 മുതൽ 2009 വരെയുള്ള കാലയളവിൽ റെയിൽവേ മന്ത്രിയായിരിക്കവേയാണ് കേസിനാസ്പദമനായ സംഭവങ്ങളുണ്ടായത്.ലാലു പ്രസാദ് യാദവിനൊപ്പം അദ്ദേഹത്തിന്റെ ബന്ധുക്കളും ഈ കേസിൽ പ്രതികളാണ്. ഭൂമികളുമായി ബന്ധപ്പെട്ട രേഖകളടക്കമുള്ള തെളിവുകൾക്ക് വേണ്ടിയാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ മാസം കാലിത്തീറ്റ കേസുകളിലെ അഞ്ചാമത്തെ കേസിലും ലാലു ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് എല്ലാ കാലിത്തീറ്റ കുംഭകോണ കേസുകളിലും ജാമ്യം നേടി ലാലു പ്രസാദ് യാദവ് ജയിൽ മോചിതനായി. നീണ്ടകാലത്തെ  തടവും ശാരീരികപ്രശ്നങ്ങളും കണക്കിലെടുത്താണ് മുൻ ബിഹാര്‍ മുഖ്യമന്ത്രികൂടിയായ ലാലുവിന് കോടതി ജാമ്യം അനുവദിച്ചത്.