യുപിയിൽ കനത്ത തിരിച്ചടിയേറ്റ് കോൺ​ഗ്രസ്; പാർട്ടി വിട്ട ഉന്നതൻ എതിർ പാളയത്തിൽ നിന്ന് പോരിന്

ലഖ്നൗ: കോൺഗ്രസിൽ (Congress) നിന്ന് ബിജെപിയിൽ (BJP) ചേർന്ന ആർ പി എൻ സിങ് (R P N Singh) യുപിയിലെ പദ്രൗനയിൽ നിന്ന് മത്സരിച്ചേക്കും. രാജിവെച്ച ബിജെപി മന്ത്രി സ്വാമി പ്രസാദ് മൗര്യ ഇവിടെ നിന്നാണ് എസ്പി സ്ഥാനാർഥി ആയി മത്സരിക്കുന്നത്. 1996 മുതൽ തുടർച്ചയായ മൂന്ന് തവണ ആർ പി എൻ സിങ് പദ്രൗനയിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നാക്ക വിഭാഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ സ്വാമി പ്രസാദ് മൗര്യയുടെ വരവോടെ എസ്‌പിക്ക് മേൽക്കൈ നേടാനായിരുന്നു.

എന്നാൽ, കുർമി വിഭാഗത്തിൽ നിന്നുളള ആർ പി എൻ സിങ് മത്സരിക്കുകയാണെങ്കിൽ കനത്ത പോരാട്ടം നടക്കാനാണ് സാധ്യത. പദ്രൗന അടക്കമുള്ള മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനം ബിജെപി ഉടൻ നടത്തും. യുപിഎ സർക്കാരിൽ ആഭ്യന്തര സഹ മന്ത്രിയായിരുന്ന ആർ പി എൻ സിങ് ഇന്നലെയാണ് ബിജെപിയിൽ ചേർന്നത്. ബിജെപി ആസ്ഥാനത്ത് എത്തിയാണ് പാർട്ടി അം​ഗത്വം സ്വീകരിച്ചത്. യുപിയിലെ നേതാക്കളും മന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, ധർമേന്ദ്ര പ്രധാൻ, അനുരാഗ് ഠാക്കൂർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

ആർ പി എൻ സിങിനൊപ്പം യുപിയിലെ രണ്ട് കോൺ​ഗ്രസ് നേതാക്കളും ബിജെപി അംഗത്വം സ്വീകരിച്ചു. അം​ഗത്വം സ്വീകരിച്ച ശേഷം ബിജെപി നേതൃത്വത്തിന് ആർ പി എൻ സിങ് നന്ദി പറഞ്ഞു. പലരും എന്നെ ബിജെപിയിൽ ചേരണമെന്ന് തന്നെ ഉപദേശിച്ചിരുന്നു. കുറേനാൾ ചിന്തിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനം എടുത്തത്. യുപിയിൽ യോഗി സർക്കാർ കഴിഞ്ഞ വർഷം ക്രമസമാധാന പാലനത്തിലടക്കം വലിയ മികവ് തെളിയിച്ചുവെന്നും ആർ പി എൻ സിങ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആയി ബിജെപിയിൽ ചേർന്നു പ്രവർത്തിക്കുകയാണെന്നും ആർ പി എൻ സിങ് പറഞ്ഞു.

32 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചു. പക്ഷെ പഴയ പാർട്ടിയല്ല കോൺഗ്രസ് ഇപ്പോഴെന്നും ആർ പി എൻ സിങ് പ്രതികരിച്ചു. അതേസമയം, ആർ പി എൻ സിങ് പാർട്ടി വിടുന്നതിൽ സന്തോഷമെന്നാണ് എംഎൽഎ അംബ പ്രസാദ് പ്രതികരിച്ചത്. എഐസിസി ജാർഖണ്ഡിന്റെ ചുമതല നൽകിയിരുന്നത് ആർ പി എൻ സിങിനായിരുന്നു.'ശരത്കാലം വരുന്നതിന് അർത്ഥം വസന്തകാലം വീണ്ടും വരുമെന്നായിരുന്നു യുപി കോൺ​ഗ്രസിന്റെ പ്രതികരണം.