'കെജ്രിവാൾ ജനങ്ങളുടെ പ്രതീക്ഷ, കോൺഗ്രസിന് ബദലാകും', പഞ്ചാബിൽ പ്രതീക്ഷയെന്ന് ആം ആദ്മി

'കെജ്രിവാൾ ജനങ്ങളുടെ പ്രതീക്ഷ, കോൺഗ്രസിന് ബദലാകും', പഞ്ചാബിൽ പ്രതീക്ഷയെന്ന് ആം ആദ്മി

ദില്ലി: ആംആദ്മി പാ‍ർട്ടി (AAP ) ചീഫ് അരവിന്ദ് കെജ്രിവാൾ (Aravind Kejriwal) കോടിക്കണക്കിന് ആളുകളുടെ പ്രതീക്ഷ'യാണെന്ന് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ (Punjab Election 2022) സഹ ചുമതലയുള്ള രാഘവ് ഛദ്ദ. ആം ആദ്മി പാർട്ടി കോൺഗ്രസിന് 'സ്വാഭാവികവും ദേശീയവുമായ പകരക്കാരാണെന്നും ചദ്ദ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ചദ്ദയുടെ പ്രസ്താവന. 

ഭരണകക്ഷിയായ കോൺഗ്രസിനെ വലിയ ഭൂരിപക്ഷത്തിൽ പിന്തള്ളി പഞ്ചാബിലെ വിജയത്തോടെ ദില്ലിക്ക് പുറത്ത് എഎപി ആദ്യ തെരഞ്ഞെടുപ്പ് വിജയം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ചദ്ദ കൂട്ടിച്ചേ‍ർത്തു. ലോക്‌നീതി-സിഎസ്‌ഡിഎസ് നടത്തിയ സർവേ പ്രകാരം 117 അംഗ നിയമസഭയിൽ 111 സീറ്റുകളും 40 ശതമാനം വോട്ട് വിഹിതവും ആംആദ്മി നേടുമെന്ന് പ്രവചിച്ചിരുന്നു. 

വോട്ടെണ്ണലിന് മുന്നോടിയായി വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു ചദ്ദ. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം അവസരം ലഭിച്ചാൽ 'പ്രധാനമന്ത്രിയുടെ ചുമതലയിൽ' കെജ്രിവാളിനെ കാണാമെന്നും ചദ്ദ പറഞ്ഞു. 

"കോടിക്കണക്കിന് ആളുകളുടെ പ്രതീക്ഷയാണ് അരവിന്ദ് കെജ്‌രിവാൾ. ദൈവം തയ്യാറാണെങ്കിൽ ആളുകൾ അവസരം നൽകുകയാണെങ്കിൽ, അദ്ദേഹം തീർച്ചയായും വലിയൊരു റോളിൽ - പ്രധാനമന്ത്രിയുടെ ചുമതലയിൽ - ഉടൻ ഉണ്ടാകും. എഎപി ഒരു പ്രധാന ദേശീയ രാഷ്ട്രീയ ശക്തിയായി ഉയർന്നുവരും," ഛദ്ദ എഎൻഐയോട് പറഞ്ഞു.

കഴിഞ്ഞ രണ്ട് ദില്ലി തെരഞ്ഞെടുപ്പുകൾക്ക് സമാനമായി, 2020ലെ വോട്ടെടുപ്പിൽ 70 സീറ്റുകളിൽ 62 സീറ്റുകളിലെ വിജയം പഞ്ചാബിൽ ആവ‍ർത്തിക്കുമെന്ന പ്രതീക്ഷയിലാണ് പാ‍ർട്ടി, 

ഒരു ദേശീയ നേതാവാകാനുള്ള തന്റെ ആഗ്രഹം കെജ്‌രിവാൾ മറച്ചുവെച്ചിട്ടില്ല, കൂടാതെ ഗോവയിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും സ്ഥാനാർത്ഥികളെ നിർത്തി, ഇത്തവണ സംസ്ഥാന തെരഞ്ഞെടുപ്പുകളിലൂടെ ആ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകൾ എഎപി നടത്തി. കഴിഞ്ഞ പഞ്ചാബ് തെരഞ്ഞെടുപ്പിൽ എഎപി മത്സരിക്കുകയും മികച്ച പ്രകടനം നടത്തുകയും 20 സീറ്റുകൾ നേടുകയും ചെയ്തു, ഇത്തവണ എക്‌സിറ്റ് പോൾ ഫലങ്ങൾ വലിയ പ്രതീക്ഷയാണ് പാ‍ർട്ടിക്ക് നൽകുന്നത്. 

"പഞ്ചാബ് തെരഞ്ഞെടുപ്പുകൾ കാണിക്കുന്നത് എഎപി ഒരു ദേശീയ രാഷ്ട്രീയ ശക്തിയായി ഉയർന്നു. ഒരു സംസ്ഥാനത്ത് ആദ്യ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് പത്ത് വർഷമെടുത്തു. എഎപി ആരംഭിച്ചിട്ട് പത്ത് വർഷം പോലും ആയിട്ടില്ല, ഞങ്ങൾ രണ്ട് സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കുന്നു" ഛദ്ദ പ്രഖ്യാപിച്ചു.

പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസിന് ദുർബലമായ പ്രകടനമാണ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്, കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി പഞ്ചാബിൽ കോൺ​ഗ്രസ് പ്രതിസന്ധി നേരിട്ട സമയമാണ് ഇത്. അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും കോൺ​ഗ്രസ് വിട്ട് സ്വന്തം പാ‍ർട്ടി രൂപീകരിക്കുകയും ബിജെപിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തു.

ഈ തെരഞ്ഞെടുപ്പിൽ ആ‍ർക്കും വലിയ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. കോൺഗ്രസും കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് പിരിഞ്ഞുപോയ മുൻ ബിജെപി സഖ്യകക്ഷിയായ അകാലിദളും രണ്ടാം സ്ഥാനത്തിനായി പോരാടുമെന്നാണ്  കരുതുന്നത്.