'അമ്മായി അമ്മയുടെ ആണ്‍സുഹൃത്തുമായുള്ള ബന്ധം കണ്ടുപിടിച്ചതിന് മര്‍ദ്ദനം'; പ്രതിയെ പൊക്കി പൊലീസ്

കൊരട്ടി പാലമുറിയിൽ യുവതിയെ മർദ്ദിച്ച് പരുക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ ഭർതൃമാതാവിന്റെ ആണ് സുഹൃത്ത് വി ആർ സത്യവാനെ പൊലീസ് പിടികൂടി. അതിരപ്പിളളിയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു സത്യവാന്. ഇയാളുടെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് മുഖത്തും ശരീരത്തിലും പരുക്കുകളേറ്റ യുവതി കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. ഭര്‍ത്താവിന്റെ അമ്മയുടെ സുഹൃത്തായ സത്യവാനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് യുവതി നേരത്തെ പറഞ്ഞിരുന്നു.
വനിതാ ദിനത്തിന് തലേ ദിവസമാണ് യുവതി ആക്രമണത്തിന് ഇരയായത്. അമ്മായി അമ്മയ്ക്ക് ആണ് സുഹൃത്തുമായുള്ള ബന്ധം യുവതി കണ്ടെത്തുകയും യുവതിയും ഭര്‍ത്താവും ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് ആക്രണത്തിന് പിന്നിലെന്നാണ് യുവതി ആരോപിക്കുന്നത്. യുവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിയുന്നത്. രണ്ടാം തവണയാണ് താന്‍ ആക്രമിക്കപ്പെടുന്നതെന്ന് യുവതി പറയുന്നു. നേരത്തെയും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ് വിശദമാക്കുന്നത്.
വിവാഹം കഴിഞ്ഞ അന്ന് മുതല്‍ അമ്മായി അമ്മ തന്നെ ദ്രോഹിക്കുകയാണ്.ഭർത്താവ് ജോലിക്ക് പോയാൽവീട്ടിലെ മുറിയിൽ തന്നെ പൂട്ടിയിടും. ഭക്ഷണം പോലും നൽകാറില്ലായിരുന്നു. ഈ സമയത്ത് ടോയിലറ്റിലെ വെള്ളം കുടിച്ചാണ് ദാഹമകറ്റിയിരുന്നതെന്നും യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ആരോപിച്ചിരുന്നു.