ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കമുള്ള 13 പേര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യം.

ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കമുള്ള 13 പേര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യം. ദില്ലിയിലെ പാലം വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സൈനിക മേധാവിമാരും ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് 13 മൃതദേഹങ്ങളും സുലൂരില്‍ നിന്ന് ദില്ലിയിലേക്ക് കൊണ്ടുവന്നത്. ഇന്നലെ രാത്രി 9 മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യ അന്തിമോപചാരം അര്‍പ്പിച്ചത്. തുടര്‍ന്ന് സൈനികരുടെ കുടുംബാംഗങ്ങളെ കണ്ട് അനുശോചനം അറിയിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കര- വ്യോമ- നാവിക സേനാ തലവന്‍മാരും സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.
നാല് മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.
ജനറല്‍ ബിപിന്‍ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡര്‍, എന്നിവരുടേതുള്‍പ്പെടെ നാല് മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയുള്ളൂ എന്നാണ് സൈന്യം അറിയിച്ചത്. ജനറല്‍ ബിപിന്‍ റാവത്തിന്റയും ഭാര്യയുടെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനും വിലാപയാത്രയ്ക്കും ശേഷം സൈനിക ബഹുമതികളോടെ ഇന്ന് വൈകിട്ട് സംസ്‌കരിക്കുമെന്നാണ് നിലവില്‍ അറിയിച്ചിട്ടുള്ളത്.
മലയാളി ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും
ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ മലയാളി ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. വിശദമായ ഡിഎന്‍എ പരിശോധനക്ക് ശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. സംസ്‌കാരത്തിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.
ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ബംഗലൂരുവിലേക്ക് മാറ്റി.
കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ബംഗലൂരുവിലേക്ക് മാറ്റി. എയര്‍ ആംബുലന്‍സില്‍ വൈകിട്ടാണ് അദ്ദേഹത്തെ ബംഗ്ലൂരുവിലെ വ്യോമസേന കമാന്‍ഡോ ആശുപത്രിയിലേക്ക് എത്തിച്ചത്. രാജ്യത്ത് ഏറ്റവും മികച്ച ചികിത്സാ സൌകര്യങ്ങളുള്ള ആശുപത്രികളിലൊന്നാണ് ബംഗ്ലൂരുവിലെ വ്യോമസേന കമാന്‍ഡോ ആശുപത്രി. 80 ശതമാനത്തിലേറെ പൊള്ളലേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള പ്രയത്നത്തിലാണ് ഡോക്ടര്‍മാര്‍.