മാസ്‌ക് ധരിച്ചില്ല; കോട്ടയത്ത് പോലീസ് യുവാവിന്റെ കാലൊടിച്ചതായി പരാതി

കോട്ടയം : മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ച് പോലീസ് യുവാവിന്റെ കാലൊടിച്ചതായി പരാതി. പള്ളം മാവിളങ്ങ് സ്വദേശി അജികുമാറിനാണ് ദുരനുഭവം നേരിട്ടത്. സംഭവത്തില്‍ പോലീസ് കണ്‍ട്രോള്‍ റൂം ഗ്രേഡ് എസ്‌ഐ എം.സി രാജുവിനെ സസ്‌പെന്‍ഡ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവമെന്നാണ് അജികുമാറിന്റെ പരാതിയില്‍ പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയ്‌ക്ക് കൂട്ടിരിക്കാന്‍ എത്തിയതായിരുന്നു അജികുമാര്‍. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന് മുന്‍പില്‍ നില്‍ക്കുന്നതിനിടെ പോലീസ് മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ അജികുമാറിന്റെ പോലീസ് വാഹനത്തില്‍ കയറ്റി. ഇതിനിടെ അജികുമാറിന്റെ കാല്‍ വാഹനത്തിന്റെ ഡോറിനിടയില്‍ കുടുങ്ങുകയായിരുന്നു. ഇക്കാര്യം പോലീസുകാരോട് പറഞ്ഞെങ്കിലും ഡോര്‍ വലിച്ചടയ്‌ക്കാനായിരുന്നു എസ്‌ഐ ശ്രമിച്ചത്. ഇതോടെയാണ് കാല്‍ ഒടിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് എസ്‌ഐയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.
അതേസമയം മാസ്‌ക് ധരിക്കാത്തതിന് അജികുമാറിനെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.