നിപ്പ ബാധിച്ച് മരണം; കുട്ടി ചികിത്സ തേടിയത് അഞ്ച് ആശുപത്രികളില്‍, റൂട്ട് മാപ്പ് പുറത്തുവിട്ടു, മലപ്പുറത്തും കണ്‍ട്രോള്‍ റൂം തുറന്നു
nipah

കോഴിക്കോട് : കോഴിക്കോട് ചാത്തമംഗലത്ത് നിപ്പ ബാധിച്ച് മരിച്ച് കുട്ടിയുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം പുറത്തിറക്കി.ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ ഒന്നു വരെയുള്ള ദിവസങ്ങളിലെ റൂട്ടുമാപ്പാണ് പുറത്തുവിട്ടത്. ആഗസ്റ്റ് 27 ന് അയല്‍വാസികളായ കുട്ടികള്‍ക്ക് ഒപ്പം കളിച്ചു. 29 ന് രാവിലെ 8. 30 മുതല്‍ 8. 45 വരെ എരഞ്ഞിമാവിലെ ഡോ. മുഹമ്മദ്‌സ് സെന്‍ട്രല്‍ എന്ന സ്വകാര്യ ക്ലിനിക്കില്‍ ചികിത്സക്ക് എത്തി.
ആഗസ്റ്റ് 31 ന് മുക്കം, ഓമശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ഓട്ടോയില്‍ ചികിത്സയ്ക്ക് എത്തി. ഉച്ചയ്ക്ക് മെഡിക്കല്‍ കോളേജില്‍ എത്തി. അവിടെ നിന്നും സെപ്തംബര്‍ 1 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി. പിന്നീടുള്ള ദിവസങ്ങളില്‍ അവിടെ തുടര്‍ന്നു.നിപ്പ മൂലം മരിച്ച പന്ത്രണ്ടുകാരന്‍ ചികിത്സ തേടിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്രവം ശേഖരിക്കാത്ത വിഷയം ഗൗരവമായി പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
കുട്ടിയുടെ അമ്മയ്ക്കും നേരിയ പനി ലക്ഷണമുണ്ട്. സ്വകാര്യ ആശുപത്രികളോട് അസ്വാഭാവികമായ പനി ലക്ഷണങ്ങളുമായി വരുന്ന കേസുകള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. നാളെ വൈകീട്ട് അവലോകനയോഗം ചേരും.
മെഡിക്കല്‍ കോളേജിലെ ഐസിയു ബെഡുകളുടെ കുറവ് പരിഹരിക്കും. ഹൈറിസ്കില്‍ ഉള്ള 20 പേരുടെയും സാമ്ബിള്‍ എന്‍വിഐയിലേക്ക് അയക്കും. മെഡിക്കല്‍ കോളേജ് പേ വാര്‍ഡ് ബ്ളോക് നിപ്പാ വാര്‍ഡാക്കുമെന്നും മന്ത്രി വിശദീകരിച്ചു.
നിപ്പ ജാഗ്രതയുടെ ഭാഗമായി കോഴിക്കോടിന് പുറമേ മലപ്പുറത്തും കണ്‍ട്രോള്‍ റൂം തുറന്നു. രോഗലക്ഷണമുള്ളവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമിലോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണം. മഞ്ചേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം നിപ രോഗലക്ഷണമുള്ളവര്‍ക്കായി പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളും ചികില്‍സാ സൗകര്യങ്ങളുമൊരുക്കാന്‍ നിര്‍ദേശം. ഏതെങ്കിലും ഭാഗത്ത് വവ്വാലുകളോ പക്ഷികളോ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടാല്‍ മുഗസംരക്ഷണ വകുപ്പ് അധികൃതരെ വിവരമറിയിക്കണം.
കണ്‍ട്രോള്‍ റൂം നമ്ബരുകള്‍: 0483 2737 857, 0483 2733 251, 0483 2733 252, 0483 2733 253