നിപയില്‍ കൂടുതല്‍ ആശ്വാസം: 15 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ഭീതി അകലുന്നു. നിപ ബാധിച്ചുമരിച്ച കുട്ടിയുമായി അടുത്തിടപഴകിയവരില്‍ ഇതുവരെ പരിശോധിച്ച 15 പേരുടെ സാംപിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്. കോഴിക്കോട് സജ്ജീകരിച്ച ലാബില്‍ നടത്തിയ പരിശോധനയിലാണ് സാംപിളുകള്‍ നെഗറ്റീവാണെന്ന് തെളിഞ്ഞത്. ഇതോടെ ഇതുവരെ നെഗറ്റീവ് ആയവരുടെ എണ്ണം 61 ആയി. നേരിയ രോഗലക്ഷണങ്ങളോടെ 64 പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്.
അതിനിടെ, നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിനു സമീപം മൃഗസംരക്ഷണ വകുപ്പിലെ രോഗനിര്‍ണയ വിഭാഗം രാവിലെ പരിശോധന നടത്തി. പക്ഷിമൃഗങ്ങളില്‍ നിന്ന് സാംപിള്‍ എടുത്ത പ്രദേശത്താണ് പരിശോധന. പ്രദേശത്ത് വവ്വാലുകള്‍ അടക്കം സംശയമുള്ള പക്ഷികള്‍ക്ക് എന്തെങ്കിലും അസ്വസ്ഥതകള്‍ പ്രകടമാണോയെന്നും പരിശോധിക്കുന്നു.
പ്രദേശത്തുനിന്ന് ശേഖരിച്ച സാംപിളുകള്‍ കൊച്ചിയില്‍ നിന്ന് വിമാനമാര്‍ഗം ഭോപ്പാലിലെ ലാബില്‍ എത്തിച്ച് വിശദമായ പരിശോധന നടത്തും.