മലവെള്ളപ്പാച്ചിലിൽ മുക്കാൽ കിലോമീറ്റർ ഒഴുകി, വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് അത്ഭുതകരമായി

മലപ്പുറം: കല്‍ക്കുണ്ടില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. പയ്യനാട് സ്വദേശി ഏറാന്തൊടി ഹനാന്‍(17)ആണ് മലവെള്ള പാച്ചിലില്‍പ്പെട്ടിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് നെല്ലിക്കുത്ത് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ പത്ത് പേര്‍ സ്വപ്‌നക്കുണ്ടിലേക്ക് കുളിക്കാനെത്തിയത്.
രാവിലെ വെയിലായിരുന്നെങ്കിലും മലയിലുണ്ടായ മഴ പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിന് കാരണമായി.
ഇതേ തുടര്‍ന്നാണ് ഹനാന്‍ ഒഴുക്കില്‍പ്പെട്ടത്. പത്ത് മിനുട്ടോളം താഴേക്ക് ഒഴുകിയ ഹനാന്‍ പാറക്കല്ലില്‍ പിടിച്ച് നീന്തി രക്ഷപ്പെടുകയായിരുന്നു. കൂടെയുള്ളവര്‍ അരമണിക്കുറിലേറെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചോലയില്‍ നിന്ന് രക്ഷപ്പെട്ട് ഹനാന്‍ അവശ നിലയില്‍ സമീപത്തെ മാണിക്കനാം പറമ്പില്‍ മാത്യു ജോസഫിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. വീട്ടില്‍ നിന്ന് വെള്ളവും വസ്ത്രവും നല്‍കി. ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റയുടെ നേത്യത്വത്തില്‍ പൊലീസ് സംഘമെത്തി പിന്നീട് ആശുപത്രിയില്‍ എത്തിച്ചു.
മനസാന്നിധ്യം കൊണ്ട് മാത്രമാണ് ഹനാന്‍ രക്ഷപ്പെട്ടത്. കല്ലില്‍ ഇടിച്ച് ദേഹത്ത് ചെറിയ പരുക്കുകള്‍ സംഭവിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി മല വെള്ളപാച്ചിലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടേക്കെത്തുന്നവര്‍ക്ക് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ പലപ്പോഴും അത് അവഗണിച്ചാണ് ആളുകള്‍ ഇവിടേക്ക് എത്താറുള്ളത്.