ശ്രീജിത്തിന്റെ സ്ഥലംമാറ്റം റദ്ദാക്കണം, നടിയെ ആക്രമിച്ച കേസിലെ പ്രതികൾ രക്ഷപ്പെട്ടേക്കും; ഹൈക്കോടതിയിൽ ഹർജി

ശ്രീജിത്തിന്റെ സ്ഥലംമാറ്റം റദ്ദാക്കണം, നടിയെ ആക്രമിച്ച കേസിലെ പ്രതികൾ രക്ഷപ്പെട്ടേക്കും; ഹൈക്കോടതിയിൽ ഹർജി

കൊച്ചി: എസ് ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. ശ്രീജിത്തിനെ നീക്കിയത് നടിയെ ആക്രമിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുമെന്ന് ഹർജിക്കാർ പറയുന്നു.  ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. 

സ്ഥലംമാറ്റ നടപടി നിയമപരമായി നിലനിൽക്കില്ലെന്നും ഹർജിയിൽ ഉണ്ട്.  സംവിധായകൻ ബൈജു കൊട്ടാരക്കര ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ഹാക്കർ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ ക്രൈം ബ്രാ‌‌ഞ്ച് കോടതിയെ സമീപിച്ചു. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ആണ് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയത്. സായ് സങ്കറിന് കോടതി നോട്ടീസ് അയച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. 

അതേസമയം, നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നു. കേസിലെ പ്രധാന സാക്ഷിയായ സാഗർ അടക്കമുളളവരുടെ മൊഴിയെടുക്കൽ തുടരുകയാണ്. സിനിമാ മേഖലയിൽ നിന്നടക്കമുളളവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും. 

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം  നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയത്. കേസിന്‍റെ വിസ്താരത്തിനിടെ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ  20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. ദിലീപിനെതിരായ ഗൂ‍ഡാലോചനക്കുറ്റം തെളിയിക്കാൻ പറ്റിയ സാക്ഷികളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കേസിൽ നിർണായകമെന്ന് കരുതുന്ന ഇവരുടെ  മൊഴിയാണ് ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തുന്നത്. 

നടിയെ ആക്രമിച്ചതിന് പിന്നാലെ ഒളിവിൽപ്പോയ മുഖ്യപ്രതി പൾസർ സുനി പിന്നീട് കൊച്ചിയിലെ കാവ്യാ മാധകന്‍റെ ലക്ഷ്യ എന്ന വസ്ത്രസ്ഥാപനത്തിലെത്തിയിരുന്നു. ദിലീപിനെ അന്വേഷിതച്ചായിരുന്നു വന്നത്. എന്നാൽ  വിസ്താര ഘട്ടത്തിൽ  സാഗ‍ർ ഇക്കാര്യം മൊഴിമാറ്റി. സാക്ഷികളെ കൂറുമാറ്റാൻ ദിലീപും ഒപ്പമുളളവരും ശ്രമിച്ചതിന്‍റെ തെളിവുകൾ അന്വേഷണസംഘത്തിന്‍റെ പക്കലുണ്ട്. ഇത് മുൻനിർത്തിയാണ് വീണ്ടും വിളിച്ചുവരുത്തുന്നത്. കേസിന്‍റെ വിസ്താരം പുനരാരംഭിക്കുന്പോൾ ഈ  തെളിവുകൾ നിരത്തി സാക്ഷികൾ കൂറുമാറിയതിന്‍റെ കാരണം കോടതിയെ ധരിപ്പിക്കാനാണ് നീക്കം.