യുവാവിന്റെ മൂക്കിനുള്ളിൽനിന്ന് കുളയട്ടയെ നീക്കി ആശ്വാസം കിട്ടിയത് മൂന്നാഴ്ചത്തെ ദുരിതത്തിനൊടുവിൽ

യുവാവിന്റെ മൂക്കിനുള്ളിൽനിന്ന് കുളയട്ടയെ നീക്കി ആശ്വാസം കിട്ടിയത് മൂന്നാഴ്ചത്തെ ദുരിതത്തിനൊടുവിൽ
കട്ടപ്പന: അരുവിയിലെ വെള്ളത്തിൽ മുഖം കഴുകുന്നതിനിടെ യുവാവിന്റെ മൂക്കിൽ കയറിയ കുളയട്ട അവിടെയിരുന്ന് മൂന്നാഴ്ച രക്തം കുടിച്ചു. ഒടുവിൽ, കട്ടപ്പന വാലുമ്മേൽ ഡിബി (37) ന്റെ മൂക്കിൽനിന്ന് രക്തംകുടിച്ച് വീർത്ത കുളയട്ടയെ ഡോക്ടർ പുറത്തെടുത്തു.
മൂന്നാഴ്ച മുമ്പാണ് ഡിബിന് നിർത്താതെയുള്ള തുമ്മൽ തുടങ്ങിയത്. മൂക്കിൽ കുളയട്ട കയറിയത് ഇദ്ദേഹം അറിഞ്ഞില്ല. അലർജിയാണെന്നു കരുതി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ മൂക്കിൽനിന്നും രക്തസ്രാവം തുടങ്ങി. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അവിടെനിന്നും നൽകിയ തുള്ളിമരുന്ന് മൂക്കിലൊഴിച്ചു.
എന്നാൽ, രക്തസ്രാവവും തുമ്മലും തുടർന്നു. വീട്ടിൽനിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി. ആയുർവേദ ആശുപത്രിയിൽനിന്നും മൂക്കിലൊഴിക്കാനുള്ള മരുന്ന് വാങ്ങി. ഇതിനിടെ, മറ്റെന്തെങ്കിലും ഗുരുതരരോഗം ആകാമെന്നും സംശയിച്ചു.
കട്ടപ്പനയിൽ ഇ.എൻ.ടി. ‍ഡോക്ടറായ ശ്രീജമോളെ സമീപിച്ചു. പരിശോധനയിൽ, മൂക്കിനുള്ളിൽ ചെറുജീവി അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട ഡോക്ടർ, നാലുസെന്റീമീറ്റർ വലുപ്പമുള്ള അട്ടയെ പുറത്തെടുത്തു. ആഴ്ചകളായി തന്നെ ബുദ്ധിമുട്ടിച്ച പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് പ്ലാന്റർ കൂടിയായ ഡിബിൻ.