ചാല ആൺപള്ളിക്കൂടത്തിൽ ഇനി പെൺകുട്ടികളും

ചാല ആൺപള്ളിക്കൂടത്തിൽ ഇനി പെൺകുട്ടികളും
തിരുവനന്തപുരം : ചാല ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ തീരുമാനം. സ്‌കൂൾ അധികൃതരും പി.ടി.എ.യും നൽകിയ ശുപാർശ മന്ത്രി വി.ശിവൻകുട്ടി അംഗീകരിച്ചു. ആൺ, പെൺ വേർതിരിവ് ഒഴിവാക്കാൻ കൂടുതൽ സ്‌കൂളുകൾ തയ്യാറെടുക്കുന്നുണ്ട്. ശുപാർശകൾ മന്ത്രിയുടെ പരിഗണനയിലാണ്. പരിശോധനകൾ നടത്തി ഉടൻ അനുമതി നൽകും.
കഴിഞ്ഞ മാർച്ച് ആദ്യവാരമാണ് പെൺകുട്ടികൾക്ക് പ്രവേശനം നൽകാൻ സ്‌കൂൾ അനുമതി തേടിയത്. മുമ്പ് രണ്ടുതവണ ഈ ആവശ്യം കാണിച്ച് അപേക്ഷ നൽകിയിരുന്നു. ആൺ, പെൺ വേർതിരിവ് മാറ്റുന്ന ജില്ലയിലെ ആദ്യ സ്‌കൂളാണ് ചാല ബോയ്‌സ് സ്‌കൂൾ എന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വീട്ടിലെ ആൺകുട്ടികളെയും പെൺകുട്ടികളെയും രണ്ട് സ്‌കൂളിൽ ചേർക്കുന്നതും യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിലെ ബുദ്ധിമുട്ടുകളും മറ്റും രക്ഷിതാക്കൾ സ്‌കൂൾ അധികൃതരുമായി പങ്കുവെച്ചിരുന്നു.
കൂടാതെ ഹയർ സെക്കൻഡറി വിഭാഗത്തിലെ ജേണലിസം കോഴ്‌സിൽ പ്രവേശനം ആൺകുട്ടികൾക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നഗരത്തിൽ ചാല സ്‌കൂളിൽ മാത്രമേ ഈ കോഴ്‌സ് ഉള്ളൂ. പിന്നെയുള്ളത് വെള്ളനാട് സ്‌കൂളിലാണ്. ഇതെല്ലാം പരിഗണിച്ചാണ് അധികൃതരും പി.ടി.എ.യും ചേർന്ന് വിദ്യാഭ്യാസമന്ത്രിക്ക് അപേക്ഷ നൽകിയത്.
സ്‌കൂളിൽ വിദ്യാർഥികളുടെ എണ്ണം കുറയുന്നതും ആശങ്കയ്ക്കിടയാക്കി. അഞ്ച് മുതൽ 10 വരെ ക്ലാസുകളിൽ 56 കുട്ടികളും ഹയർ സെക്കൻഡറിയിൽ 294 കുട്ടികളുമാണ് ഇപ്പോഴുള്ളത്.
അടുത്ത സ്‌കൂൾ വർഷം മുതൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകും. യൂണിഫോം സംബന്ധിച്ച് പി.ടി.എ.യുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പ്രിൻസിപ്പൽ ഫെലീഷ്യ ചന്ദ്രശേഖരൻ പറഞ്ഞു. ലിംഗസമത്വം എന്ന ആശയം ലക്ഷ്യമാക്കി മാതൃകാപരമായ പ്രവർത്തനമാകും നടത്തുകയെന്ന് പ്രഥമാധ്യാപിക ബി.എസ്.സിന്ധു പറഞ്ഞു.
സ്‌കൂൾ അധികൃതരും പി.ടി.എ.യും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും യോജിച്ച തീരുമാനമെടുത്താൽ സ്‌കൂളുകൾ മിക്‌സഡ് സ്‌കൂൾ ആക്കുന്നതിന് തടസ്സമില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. കൂടുതൽ സ്‌കൂളുകളിൽ ലിംഗനീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് സാഹചര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
.സ്‌കൂളുകളിലെ ആൺ, പെൺ വേർതിരിവിനെതിരേ മാതൃഭൂമിയും പ്രചാരണം നടത്തിയിരുന്നു.