വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ ആശുപത്രിയിലായത് കാസര്‍കോട്ടെ അനവധി ക്രിമിനല്‍ കേസിലെ പ്രതി; അപകടനില തരണം ചെയ്‌തെന്ന് അധികൃതര്‍

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ ആശുപത്രിയിലായത് കാസര്‍കോട്ടെ അനവധി ക്രിമിനല്‍ കേസിലെ പ്രതി; അപകടനില തരണം ചെയ്‌തെന്ന് അധികൃതര്‍

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ ആശുപത്രിയിലായത് കാസര്‍കോട്ടെ അനവധി ക്രിമിനല്‍ കേസില്‍ പ്രതിയായ മഹേഷ്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ച ഇയാള്‍ അപകടനില തരണം ചെയ്‌തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ ചുമത്തി റിമാന്‍ഡില്‍ കഴിയുകയായിരുന്നു മഹേഷ്.

2014 ഡിസംബറില്‍ തളങ്കരയിലെ സൈനുല്‍ ആബിദിനെ കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് മഹേഷ്. ഇതുകൂടാതെ 2014ല്‍ താളിപ്പടുപ്പില്‍ ഒരാളെ വധിക്കാന്‍ ശ്രമിച്ച കേസ്, 2015 ല്‍ ഹൊസ്ദുര്‍ഗ് ജയിലില്‍ ഡ്യൂടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ച കേസ്, 2015ല്‍ കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ കസേരകള്‍ തകര്‍ത്ത കേസ്, 2017 ല്‍ നടന്ന ബി ജെ പി ഹര്‍ത്താലിനിടെ നടത്തിയ വധശ്രമം, 2017 ല്‍ കുഡ്‌ലു രാംദാസ് നഗറില്‍ ബസ് ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസ്, 2020 ല്‍ ആരോഗ്യപ്രവര്‍ത്തകര്‍ താമസിക്കുന്ന ഹോടെലില്‍ നടത്തിയ അക്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്ബുതന്നെ അഞ്ചോളം ജുവൈനല്‍ കേസുകള്‍ മഹേഷിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. പൊലീസിന് നിരന്തരം തലവേദന സൃഷ്ടിച്ചിരുന്ന മഹേഷ് ഓരോ കേസിലും പുറത്തിറങ്ങി മറ്റൊരു കുറ്റകൃത്യത്തില്‍ ഉള്‍പെട്ടിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. 2020 ല്‍ ഒരു കേസില്‍ പിടികൂടാനെത്തിയ കാസര്‍കോട് സി ഐ യെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച കേസിലും മഹേഷ് പ്രതിയാണ്.

സ്വന്തം സെലില്‍ തന്നെയാണ് മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചതായി അധികൃതര്‍ പറയുന്നത്. അതേസമയം ഇതിനുപിന്നിലുള്ള കാരണമെന്താണെന്ന് വ്യകതമായിട്ടില്ല.