യാത്രാവിലക്കില്‍ ഇളവ് പ്രാബല്യത്തിലായെന്ന് സൗദി സിവില്‍ ഏവിയേഷന്‍

റിയാദ്: സൗദിയില്‍നിന്ന് വാക്സിനേഷന് പൂര്‍ത്തിയാക്കി നാട്ടില്‍ പോയവര്‍ക്ക് മടങ്ങിവരാന്‍ പ്രഖ്യാപിച്ച ഇളവ് പ്രാബല്യത്തിലായതായി സൗദി സിവില്‍ ഏവിഷേയന്‍ അതോറിറ്റി (ഗാക). വിമാന കമ്ബനികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പൊട്ടിപുറപ്പെട്ടത് മുതല്‍ വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാനിരോധനത്തില്‍ ഇളവ് വരുത്തുകയാണെന്നും സൗദിയില്‍ നിന്ന് കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കിയ ശേഷം യാത്രാനിരോധിത രാജ്യങ്ങളിലേക്ക് പോയവര്‍ക്ക് തിരിച്ചുവരാമെന്നും സര്‍ക്കുലറില്‍ പറയുന്നു.
സൗദി ഇഖാമയുള്ള, സൗദിയില്‍ തന്നെ രണ്ട് ഡോസ് വാക്സിന് കുത്തിവെപ്പ് എടുത്തവര്‍ക്ക് മാത്രമാണ് യാത്രാവിലക്ക് ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപനം തടയാന്‍ നിശ്ചയിച്ചിരിക്കുന്ന മുഴുവന്‍ വ്യവസ്ഥകളും പാലിച്ചുവേണം യാത്ര നടത്തേണ്ടത്. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഗവണ്‍മെന്‍റ് ഉത്തരവ് അനുസരിച്ചുള്ള ശിക്ഷാനടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
പുതിയ തീരുമാനം പ്രാബല്യത്തിലായെങ്കിലും ഇന്ത്യയെ പോലുള്ള യാത്രനിേരാധമുള്ള രാജ്യങ്ങളില്‍ നിന്ന് എങ്ങനെ സൗദിയിലേക്ക് യാത്ര ചെയ്യും എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നിലവില്‍ ഇന്ത്യക്കും സൗദിക്കുമിടയില്‍ യാത്രാനിരോധനമുള്ളതിനാല്‍ റെഗുലര്‍ വിമാന സര്‍വിസ് പുനരാരംഭിച്ചിട്ടില്ല. ഇരു രാജ്യങ്ങളും തമ്മില്‍ എയര്‍ ബബ്ള് കരാറും ആയിട്ടില്ല. അടിയന്തര സാഹചര്യത്തില്‍ പരസ്പര സഹകരണത്തോടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ദേശീയ വിമാന കമ്ബനികളോ ഗവണ്‍മെന്‍റ് ചുമതലപ്പെടുത്തുന്ന സ്വകാര്യ വിമാന കമ്ബനികളോ സര്‍വിസ് നടത്താന്‍ നിശ്ചയിക്കുന്ന സംവിധാനമാണ് എയര്‍ ബബ്ള്. എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും കരാറായിട്ടില്ല. ആരോഗ്യ ജീവനക്കാര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സഞ്ചരിക്കാന്‍ ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടര്‍ വിമാനങ്ങളാണ് പിന്നീടുള്ള ഏക മാര്‍ഗം. ഇളവ് പരിധിയില്‍ വരുന്നവര്‍ക്ക് ഇങ്ങനെയുള്ള ചാര്‍ട്ടര്‍ വിമാനങ്ങളില്‍ സൗദിയിലേക്ക് വരാനാവും.