ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് അമ്മ പിഞ്ചുകുഞ്ഞിനെ പുഴയിലേക്ക് വലിച്ചെറിഞ്ഞു കൊന്നു.

അഹമ്മദാബാദ്: ഗുജറാത്തില്‍ അമ്മ പിഞ്ചുകുഞ്ഞിനെ പുഴയിലേക്ക് വലിച്ചെറിഞ്ഞു കൊന്നു. 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ പുഴയിലേക്ക് വലിച്ചെറിഞ്ഞത്. ഭര്‍ത്താവുമായുള്ള കുടുംബവഴക്കിനെ തുടര്‍ന്നാണ് 39കാരിയുടെ ക്രൂരതയെന്ന് പൊലീസ് പറയുന്നു. സൂറത്തിലെ താപി നദിയിലെ ജിലാനി പാലത്തില്‍ നിന്ന് ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തുടക്കത്തില്‍ വ്യാജ പരാതി നല്‍കി അന്വേഷണം വഴിത്തിരിച്ചുവിടാന്‍ 39കാരിയായ സഹിന്‍ ഷെയ്ക്ക് ശ്രമിച്ചതായി പൊലീസ് പറയുന്നു. തന്റെ മകളെ തട്ടിക്കൊണ്ടുപോയി എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ തുടക്കത്തില്‍ മൊഴി മാറ്റി പൊലീസ് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കാനാണ് ശ്രമിച്ചത്. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ യുവതി കുറ്റസമ്മതം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവുമായുള്ള വഴക്കാണ് പ്രകോപനത്തിന് കാരണം. വഴക്ക് തീര്‍ക്കാന്‍ വീട്ടുകാര്‍ മുന്‍കൈയെടുക്കാതിരുന്നതിലും യുവതി അസ്വസ്ഥയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പരാതി ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞ് ഒരു വര്‍ഷം മുന്‍പാണ് ഹാരൂണുമായി ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. വീട്ടുകാരുടെ എതിര്‍പ്പ്് അവഗണിച്ചാണ് ഹാരൂണിനൊപ്പം ജീവിക്കാന്‍ യുവതി തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് പരാതിപ്പെടാന്‍ സഹിന്‍ മാതാപിതാക്കളെ സമീപിച്ചിരുന്നു. എന്നാല്‍ യുവതിയെ പിന്തുണയ്ക്കാന്‍ വീ്ട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് പാലത്തില്‍ എത്തി യുവതി കുഞ്ഞിനെ പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.