ഉള്ളുപൊള്ളിക്കുന്നുണ്ട്, ആ കുഞ്ഞിലേക്കുള്ള പോറ്റമ്മയുടെ നോട്ടം!

ഉള്ളുപൊള്ളിക്കുന്നുണ്ട്, ആ കുഞ്ഞിലേക്കുള്ള പോറ്റമ്മയുടെ നോട്ടം!

വളരെ സങ്കീർണമായ ഒരു വൈകാരിക അവസ്ഥയാണത്.നൊന്തു പ്രസവിച്ച കുഞ്ഞാണ്. ഒറ്റയായിപ്പോയ ഒരു സാഹചര്യത്തിൽ കൈവിട്ടു പോയതാണ്. അതിനെ തിരിച്ചു കിട്ടാനാണ് ആഴ്ചകളായി അനുപമ എന്ന അമ്മ സമരം നടത്തുന്നത്.

അനുപമ വിഷയത്തിൽ മാനുഷികമായും വൈകാരികമായും വിഷയം സങ്കീർണമാണ്. ആ കുഞ്ഞ് ആർക്കൊപ്പമാണു വളരേണ്ടത് എന്ന വിഷയത്തിൽ സോഷ്യൽ മീഡിയ ‘തീരുമാനമെടുത്തു’ കഴിഞ്ഞതായി കാണാം. ഓരോരുത്തരും അവരുടെ ഭാഗത്തെ ന്യായീകരിക്കാൻ തെളിവുകൾ നിരത്തുന്നു, ന്യായങ്ങൾ പറയുന്നു. അപ്പോൾ സ്വാഭാവികമായും സംശയമുണ്ടാകാം കുഞ്ഞ് ആർക്കൊപ്പമാണ് നിൽക്കേണ്ടത്!

വിവാഹം കഴിക്കുന്നതിനു മുൻപ് ഒരു കുഞ്ഞുണ്ടായി എന്നത് കേരളത്തിൽ മാതാപിതാക്കളെ സംബന്ധിച്ച് ഒരു അധിക ഭാരവും സാമൂഹികമായ ബുദ്ധിമുട്ടും ആണ്. ഒന്നാമത് നമ്മുടെ പെൺകുട്ടികൾ വിവാഹമെത്തുന്നതുവരെ പഠിക്കുന്നവരും മാതാപിതാക്കളുടെ ചെലവിൽ കഴിയുന്നവരുമാണ്. കാമുകനുണ്ടാവുകയും അവർക്കൊരു കുഞ്ഞുണ്ടാവുകയും ചെയ്യുന്നത് ഒരിക്കലും കുറ്റകരമല്ല. പക്ഷേ സ്വന്തമായി കുഞ്ഞിനെ നോക്കാനുള്ള പാങ്ങില്ലാഞ്ഞതുകൊണ്ടാവാം പലർക്കും അതിനെ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടാവുക. മറ്റൊരു സ്ത്രീയോടും അവരുടെ കുഞ്ഞുങ്ങളോടുമൊപ്പം താമസിച്ചിരുന്ന കാമുകൻ അവരെയെല്ലാം ഉപേക്ഷിച്ച് അനുപമയ്‌ക്കൊപ്പം ഇറങ്ങിത്തിരിക്കുമ്പോൾ അവരുടെ കുഞ്ഞിനെ വീണ്ടെടുക്കാനായുള്ള യുദ്ധവും അവർ തുടങ്ങി വച്ചു. തീർത്തും സംഘർഷഭരിതമാണ് ആ കുഞ്ഞുമായി ബന്ധപ്പെട്ട കുടുംബങ്ങളിലെല്ലാം ഇപ്പോൾ അവസ്ഥ.

അനുപമയുടെ ആവശ്യപ്രകാരം ശിശുക്ഷേമ വകുപ്പ്, ദത്തെടുത്ത മാതാപിതാക്കളിൽനിന്നു കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടു. അതനുസരിച്ച് കുഞ്ഞിന്റെ സംരക്ഷണം ഉള്ള ശിശു ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥ കുഞ്ഞിനെ എടുത്തുകൊണ്ട് പോകുമ്പോൾ, ഇത്രയും നാളുകൾ അതിനെ വളർത്തിയ സ്ത്രീയുടെ നോട്ടം ഒരു ചിത്രത്തിലൂടെ മനസ്സിലാക്കാവുന്നതേയുള്ളൂ. അത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്. അവർ തല കറങ്ങി തളർന്നു വീണുവെന്ന് പറയപ്പെടുന്നു. ഇനിയൊരിക്കലും കുഞ്ഞുങ്ങൾ ഉണ്ടാകില്ല എന്ന ഉറപ്പിനു ശേഷമാകുമല്ലോ ഒരു കുഞ്ഞിനെ അവർ ദത്തെടുക്കുക.

‘എന്റെ ജീവിതം അനുപമയാണ് നശിപ്പിച്ചത്’ എന്ന് അപ്പുറത്തിരുന്നു മറ്റൊരു സ്ത്രീ പറയുന്നുണ്ട്; അനുപമയുടെ കാമുകനായ അജിത്തിന്റെ മുൻ ഭാര്യ. തങ്ങൾ വിവാഹിതർ ആയിരുന്നപ്പോഴും അയാൾ അനുപമയ്‌ക്കൊപ്പമായിരുന്നു എന്ന് അവർ വിഷാദത്തോടെ പറയുന്നു.ഇവിടെ തകർന്നു തരിപ്പണമായി കിടക്കുന്ന മൂന്നു സ്ത്രീകളുണ്ട്. ഇവരിൽ ആർക്കൊപ്പം എന്നത് കൃത്യമായി ഉത്തരം കണ്ടെത്താനാവാത്ത സമസ്യയാണ്.  ഇവരിൽ ഒരാൾ ആദ്യം മുതലേ നഷ്ടങ്ങൾ അറിഞ്ഞു, അത് സ്വയം മനസ്സിലാക്കി, ഇപ്പോൾ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടു മക്കൾക്കൊപ്പം ജീവിക്കുന്നു. മറ്റൊരാൾ കാമുകനും ഇപ്പോൾ ഭർത്താവുമായ ആൾക്കൊപ്പം കുഞ്ഞിനു വേണ്ടി പോരാടുന്നു, ഇനിയുമൊരുവൾ, സ്വന്തമല്ലാത്ത കുഞ്ഞിനു ജീവിതവും ജീവനാംശവും എഴുതി നൽകി ജീവിച്ചു തുടങ്ങിയവൾ ആ കുഞ്ഞിനെ തിരികെ നൽകാൻ തുടങ്ങുന്നു.

എന്തുതന്നെയായാലും ആഴ്ചകൾ നീണ്ട സമരത്തിനൊടുവിൽ കുഞ്ഞ് അനുപമയുടെ തൊട്ടരികിൽ എത്തിയിരിക്കുന്നു. ഡിഎൻഎ ടെസ്റ്റ് ഫലം കൃത്യമായാൽ അനുപമയ്‌ക്ക് അവരുടെ കുഞ്ഞിനെ തിരികെ ലഭിച്ചേക്കാം. അതോടെ അവരുടെ പോരാട്ടത്തിന് ശുഭമായ അവസാനമാകും. കുഞ്ഞിന് അതിന്റെ യഥാർഥ അച്ഛനെയും അമ്മയെയും ലഭിക്കും.