സുരേന്ദ്രെൻറ ജീവിതം പറയും, എന്തിനാണ് ജില്ലക്ക് എയിംസ് എന്ന്

കാസർകോട്: എന്തിനാണ് കാസർകോട് എയിംസ് എന്ന് ചോദിക്കുന്നവർക്ക് സുരേന്ദ്രെൻറ ജീവിതം പറയും ഉത്തരം. ആയിരത്തിൽ ഒരാൾക്കു മാത്രം സംഭവിക്കുന്ന അപൂർവ രോഗത്തിന് അടിപ്പെട്ട പൊയിനാച്ചി പറമ്പയിലെ പി. സുരേന്ദ്രന് ഇനി എയിംസ് മാത്രമേ പരീക്ഷിക്കാനുള്ളൂ. പരസഹായമില്ലാതെ ചലിക്കുന്നതുപോലും അസാധ്യമായ സുരേന്ദ്രന് പ്രോഗ്രസിവ് മസ്കുലാർ അട്രോഫി എന്ന രോഗമാണ് ബാധിച്ചിരിക്കുന്നതെന്ന് വൈകിയാണ് കണ്ടെത്തിയത്. മോട്ടോർ ന്യൂറോൺ സിൻഡ്രം(എം.എൻ.ഡി) എന്ന രോഗത്തിെൻറ വകഭേദമാണിതെന്ന് പറയുന്നു. ശ്രീ ചിത്രയിൽ നടത്തിയ പരിശോധനയിലാണ് ഈ രോഗത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്.
സുഷുമ്ന നാഡിയുടെ തളർച്ചയാണ് അപൂർവ രോഗത്തിെൻറ കാരണം. ഇതിനു ചികിത്സ കണ്ടെത്തിയിട്ടില്ല. നാഡിസംബന്ധമായ ചികിത്സക്ക് ഒരു ഡോക്ടർ പോലുമില്ലാത്ത ജില്ലയിൽനിന്ന് പുറത്ത് എവിടെയെങ്കിലും എത്തിച്ച് ശരീരശേഷി വീണ്ടെടുക്കാനാകുമോയെന്നാണ് സുഹൃത്തുക്കൾ ആലോചിക്കുന്നത്. ഭാര്യയും രണ്ടു പെൺകുട്ടികൾ ഉൾപ്പടെ മൂന്നു മക്കളുമുണ്ട് സുരേന്ദ്രന്. ജീപ്പ് ഡ്രൈവറായി ജോലിചെയ്തു കിട്ടുന്ന വരുമാനത്തിൽനിന്നാണ് ജീവിതം മുന്നോട്ടുപോയിക്കൊണ്ടിരുന്നത്. മക്കളുടെ പഠനം ഒരു വഴിക്ക് എത്തുന്നതിനു മുമ്പുതന്നെ സുരേന്ദ്രൻ അപൂർവ രോഗത്തിെൻറ പിടിയിലായി. കൈകാലുകൾ ശോഷിച്ചുകൊണ്ടിരിക്കുന്ന സുരേന്ദ്രനെ എഴുന്നേൽപിക്കാനും ഇരുത്താനും നടത്താനും ഭാര്യയുടെയും മക്കളുടെയും സഹായം ഒരുമിച്ച് വേണം. കോവിഡ് വ്യാപനം കഴിഞ്ഞാൽ ഡൽഹി എയിംസിൽ ചികിത്സ ലഭ്യമാക്കാനാണ് ആലോചനയെന്ന് സഹായ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇതിനായി സഹായ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. സി.എച്ച്.കുഞ്ഞമ്പു ചെയർമാനായ സമിതി യൂനിയൻ ബാങ്ക് െപായിനാച്ചി ശാഖയിൽ 62660201001888 എന്ന നമ്പറിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ് UBINO 562661. വാർത്തസമ്മേളനത്തിൽ സഹായ സമിതി വർക്കിങ് ചെയർമാൻ രാജൻ കെ. പൊയിനാച്ചി, കൺവീനർ രതീഷ് പിലിക്കോട്, രവീന്ദ്രൻ കരിച്ചേരി, എം. ജയകൃഷ്ണൻ നായർ, രാഘവൻ വലിയവീട് എന്നിവർ സംബന്ധിച്ചു.