യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി

യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി

യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ്. കീവില്‍ നിന്ന് ലിവീവിലേക്കുള്ള യാത്രയിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്. കാറില്‍ രക്ഷപ്പെടുമ്പോഴാണ് വെടിയേറ്റതെന്നും പാതി വഴിയില്‍ തിരികെ കൊണ്ടുപോയെന്നും മന്ത്രി വി കെ സിംഗ് പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആള്‍നാശം പരമാവധി കുറച്ച് ഒഴിപ്പിക്കലിനാണ് ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.യുക്രൈന്റെ തീര നഗരങ്ങളിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് റഷ്യൻ പട. യുക്രൈനെ നിരായുധീകരിക്കാതെ പിന്മാറില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി. അതിനിടെ, യുക്രൈന്‍ നഗരമായ എനര്‍ഗൊദാര്‍ നഗരത്തിലെ സേപോര്‍സെയിലെ ആണവ നിലയത്തിന് നേരെ ആക്രമണം ഉണ്ടായി. ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും യുക്രൈനിയന്‍ സൈന്യം സ്ഥിരീകരിച്ചു. ചേർനിഹിവിൽ വ്യോമാക്രമണത്തിൽ 24 പേർ മരിച്ചു

അതിനിടെ, പ്രതിരോധ മന്ത്രാലയം നൽകിയ സമാന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയവും രം​ഗത്തെത്തി. അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാകണമെന്നാണ് നിർദേശം. ഹാർകീവിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും കർശന മുന്നറിയിപ്പ് നൽകിയത്. ഇപ്പോഴുള്ളതിലും കടുത്ത ആക്രമണങ്ങൾ ഹാർകീവിൽ നടക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെയാണ് കർശന നിർദേശങ്ങളുമായി എംബസി പുതിയ മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്. എല്ലാ വിദ്യാർത്ഥികളും ഈ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംബസി പറയുന്നു.

വ്യോമാക്രമണം, ഡ്രോൺ വഴിയുള്ള ആക്രമണം, മിസൈലാക്രമണം, ആർട്ടിലറി ഷെല്ലിംഗ്, വെടിവെപ്പ്, ഗ്രനേഡ് സ്ഫോടനങ്ങൾ, പ്രാദേശികരും സൈനികരും തമ്മിലുള്ള പെട്രോൾ ബോംബേറ്, കെട്ടിടങ്ങൾ തകരാനുള്ള സാധ്യത, തകർന്ന കെട്ടിടങ്ങൾക്കിടയിൽ പെടാനുള്ള സാധ്യത, ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെടൽ, വൈദ്യുതി, വെള്ളം, ഭക്ഷണം എന്നിവയ്ക്ക് ക്ഷാമം, കൊടും തണുപ്പിൽ പെട്ടുപോകൽ, കടുത്ത മാനസികസംഘർഷത്തിന് അടിമപ്പെടൽ, പരിക്കേൽക്കൽ, വേണ്ടത്ര ചികിത്സ ലഭിക്കാതെ വരൽ, യാത്ര ചെയ്യാൻ വഴിയില്ലാതാകൽ, സൈനികരുമായോ സായുധരായ മറ്റ് പോരാളികളെയോ നേർക്കുനേർ വരേണ്ട സാഹചര്യം എന്നിവ ഹാർകീവിൽ തുടരുന്നവർക്കും അവിടെ നിന്ന് യാത്ര ചെയ്ത് അതിർത്തികളിലേക്ക് എത്താൻ ശ്രമിക്കുന്നവർക്കും നേരിടേണ്ടി വരാമെന്നും, അത്തരത്തിലുള്ളവർ അടിയന്തരമായി ഈ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് എംബസി വ്യക്തമാക്കുന്നത്.

നിർദ്ദേശങ്ങൾ ഇങ്ങനെ:

# കൃത്യമായി നിങ്ങൾക്കൊപ്പമുള്ള ഇന്ത്യൻ പൗരൻമാർക്കൊപ്പം വിവരം പങ്കുവയ്ക്കുക, അവർക്കൊപ്പം സഞ്ചരിക്കുക
# പരിഭ്രാന്തരാകരുത്, മാനസികസംഘ‍ർഷത്തിലാകരുത്
# ചെറുസംഘങ്ങളായി മാത്രം നീങ്ങുക. പരമാവധി ഒരു സംഘത്തിൽ പത്ത് വിദ്യാർത്ഥികൾ മാത്രം. കൃത്യമായി ഒരു യാത്രാ പങ്കാളിയെ കണ്ടെത്തുക. സ്വയം ആ സംഘം രണ്ട് കോർഡിനേറ്റർമാരെ തെരഞ്ഞെടുക്കുക.
# നിങ്ങളുടെ വിവരങ്ങൾ നിങ്ങളുടെ യാത്രാപങ്കാളിയുമായി കൃത്യമായി പങ്കുവയ്ക്കണം.
# വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കുക. നിങ്ങളുടെ സംഘത്തിലുള്ളവരുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ഇന്ത്യയിലെ കോണ്ടാക്ട് നമ്പർ, ഇന്ത്യയിലെ വിലാസം, നിലവിലുള്ള ലൊക്കേഷൻ, ദില്ലിയിലെയോ അതിർത്തി രാജ്യങ്ങളിലെയോ എംബസി കൺട്രോൾ റൂം നമ്പറുകൾ എന്നിവ പങ്കുവയ്ക്കുക. ഓരോ എട്ട് മണിക്കൂർ കൂടുമ്പോഴും വിവരം പുതുക്കാൻ മറക്കാതിരിക്കുക. കൃത്യമായി പത്ത് പേർ ഒപ്പമുണ്ടെന്ന് കോർഡിനേറ്റർ ഉറപ്പ് വരുത്തി നിങ്ങളുടെ ഇപ്പോഴത്തെ ലൊക്കേഷൻ കൺട്രോൾ റൂം/ ഹെൽപ് ലൈൻ നമ്പറുകളിൽ അറിയിക്കുക.
# എംബസി/ കൺട്രോൾ റൂം/ പ്രാദേശിക അധികൃതർ എന്നിവരുമായി കോർഡിനേറ്റർ മാത്രം സംസാരിക്കുക.
# ഫോണിലെ ബാറ്ററികൾ പരമാവധി സേവ് ചെയ്യുക.