'പുതിയ കേസ് കെട്ടിച്ചമച്ചത്, പൊലീസുകാരിയെ അപമാനിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം': ജിഗ്നേഷ് മേവാനിയുടെ അഭിഭാഷകന്‍

'പുതിയ കേസ് കെട്ടിച്ചമച്ചത്, പൊലീസുകാരിയെ അപമാനിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം': ജിഗ്നേഷ് മേവാനിയുടെ അഭിഭാഷകന്‍

ഗുവാഹത്തി: ​ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിക്കെതിരായ (Jignesh Mevani) പുതിയ കേസ് കെട്ടിച്ചമച്ചതെന്ന് അഭിഭാഷകൻ. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചു എന്ന ആരോപണം അടിസഥാനരഹിതമാണ്. ഇന്നലെ കോടതിയിൽ പൊലീസ് ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്തതിന്‍റെ പേരിൽ റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ മേവാനിക്ക് ഇന്നലെയായിരുന്നു ജാമ്യം ലഭിച്ചത്. ഗുവാഹത്തി കോടതിയാണ് മേവാനിക്ക് ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെയാണ് മേവാനിയെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തത്.അസമിലെ ഗുവാഹത്തിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അസം പൊലീസ് ഗുജറാത്തിലെത്തിയാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. പാലൻപൂർ സർക്യൂട്ട് ഹൗസിൽ വച്ച് അറസ്റ്റിലായ മേവാനിയെ പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഗുവാഹത്തിയിലേക്കും കൊണ്ടുപോയിരുന്നു. ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മേവാനി. മാധ്യമപ്രവർത്തകനായിരുന്ന മേവാനി, പിന്നീട് അഭിഭാഷകവൃത്തിയിലേക്കും അവിടെ നിന്ന് രാഷ്ട്രീയത്തിലേക്കും തിരിഞ്ഞു. സ്വതന്ത്ര എംഎൽഎയാണെങ്കിലും പിന്നീട് മേവാനി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.