കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി; യാത്രക്കാരും സ്വീകരിക്കാനെത്തിയവരും പിടിയിൽ

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോ 250 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. പെരിന്തൽമണ്ണ സ്വദേശി അബ്ദുള്ള, മഞ്ചേരി സ്വദേശി യൂസഫലി എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇവരെ സ്വീകരിക്കാനെത്തിയ നാലു പേരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രണ്ട് കിലോ സ്വർണം പിടികൂടിയിരുന്നു. പാലക്കാട് സ്വദേശി റഹ‍്‍ലത്ത്, ഇടുക്കി പൈനാവ് സ്വദേശി രഞ്ജിത്ത് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. സൗദി അറേബ്യയിൽ നിന്ന് വന്ന ഇവർ നാല് ക്യാപ്സൂളുകളായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. റഹ്‍ലത്തിൽ നിന്ന് 991 ഗ്രാമും രഞ്ജിത്തിൽ നിന്ന് 1,019 ഗ്രാം സ്വർണവും പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
മൂന്ന് ദിവസം മുൻപും നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണം പിടികൂടിയിരുന്നു. മലദ്വാരത്തിൽ ഒളിച്ച് കടത്തിയതായിരുന്നു സ്വർണം. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. അബുദാബിയിൽ നിന്ന് വന്ന വില്ലാപ്പള്ളി സ്വദേശി അഷ്കറിൽ നിന്നും 1292 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ പൂയപ്പള്ളി സ്വദേശി രാധാകൃഷ്ണപ്പിള്ളയിൽ നിന്ന് 1127 ഗ്രാം സ്വർണം പിടികൂടി. രഹസ്യ വിവരത്തെത്തുടർന്നായിരുന്നു കസ്റ്റംസിന്റെ നടപടി.