മനസില്‍ വമ്പന്‍ പദ്ധതി, കളമൊരുക്കാന്‍ കെസിആര്‍ ദില്ലിയിലേക്ക്; ബിജെപിക്കെതിരെ 'പട' ഒരുക്കാന്‍ കൂടിക്കാഴ്ചകള്‍

മനസില്‍ വമ്പന്‍ പദ്ധതി, കളമൊരുക്കാന്‍ കെസിആര്‍ ദില്ലിയിലേക്ക്; ബിജെപിക്കെതിരെ 'പട' ഒരുക്കാന്‍ കൂടിക്കാഴ്ചകള്‍

അമരാവതി: ദേശീയപാര്‍ട്ടി (National Party) രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിനിടെ ദേശ പര്യടനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ( K. Chandrashekar Rao).  വിവിധ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്താന്‍  മുതിര്‍ന്ന ടിആര്‍എസ് നേതാക്കള്‍ക്ക് ഒപ്പം കെസിആര്‍ ദില്ലിക്ക് തിരിച്ചു. ആം ആദ്മി, ജെഡിഎസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തുടങ്ങി പ്രാദേശിക പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും. അരവിന്ദ് കെജ്‍രിവാള്‍, ഭഗവന്ത് മാന്‍, ഹേമന്ദ് സോറന്‍, ദേവഗൗഡ, കുമാരസ്വാമി തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

ഞയറാഴ്ച പ‍ഞ്ചാബ് സന്ദര്‍ശിക്കുന്ന ചന്ദ്രശേഖര്‍ റാവു കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും. മരണപ്പെട്ട കര്‍ഷകരുടെ കുംടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് നല്‍കും. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും കാണും. പിണറായി വിജയന്‍, മമത ബാനര്‍ജി, എം കെ സ്റ്റാലിന്‍  അടക്കമുള്ളവരുമായി നേരത്തെ ഹൈദരാബാദിലെ വസതിയില്‍ ചന്ദ്രശേഖര്‍ റാവു ചര്‍ച്ച നടത്തിയിരുന്നു.

കോണ്‍ഗ്രസ് ഇല്ലാത്ത മൂന്നാം മുന്നണിക്കായി മുന്നിട്ടിറങ്ങിയ നോതാവാണ് ചന്ദ്രശേഖര്‍ റാവു. കേന്ദ്ര നയങ്ങള്‍ക്ക് എതിരെ പോരാടാന്‍ യഥാര്‍ത്ഥ പ്രതിപക്ഷ പാര്‍ട്ടിയുടെ വിടവ് ദേശീയതലത്തില്‍ ഉണ്ടെന്ന് നേരത്തെ കെസിആര്‍ ചൂണ്ടികാട്ടിയിരുന്നു. ടിആര്‍എസ്സിനെ ഭാരതീയ രാഷ്ട്ര സമിതിയാക്കി മാറ്റി ദേശീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കെ ചന്ദ്രശേഖര്‍ റാവു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്ത് ശക്തമായൊരു ദേശീയ പാര്‍ട്ടി ആവശ്യമാണന്ന് കെസിആര്‍ ചൂണ്ടികാട്ടി.

ഇതിന്‍റെ ഭാഗമായി ദില്ലിയില്‍ പുതിയ ഓഫീസ് തുറക്കും. ദേശീയ സഖ്യങ്ങള്‍ ഒന്നും വിജയിച്ചില്ലെന്നും ശക്തമായൊരു ദേശീയ പാര്‍ട്ടിയാണ് ഇപ്പോള്‍ വേണ്ടതെന്നും കെസിആര്‍ പറഞ്ഞു. ടിആര്‍എസ്സിന്‍റെ സ്ഥാപക ദിനത്തിലെ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ചന്ദ്രശേഖര്‍ റാവുവിന്‍റെ പരാമര്‍ശം. രാജ്യത്ത് കോണ്‍ഗ്രസ് അപ്രസക്തമായെന്ന് നേരത്തെ ടിആര്‍എസ് പ്രസ്താവന നടത്തിയിരുന്നു. കോണ്‍ഗ്രസ് ഇല്ലാത്ത ഫെഡറല്‍ സഖ്യത്തിന് കെസിആര്‍ നീക്കം നടത്തുകയും ചെയ്തിരുന്നു. പ്രശാന്ത് കിഷോറിന്‍റെ ഐപാക്കുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് കെസിആറിന്‍റെ പ്രതികരണം.