ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. 

വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു. 

ആഴ്ചകൾ നീണ്ട കന്യാസ്ത്രീകളുടെ തെരുവിലിറങ്ങിയുള്ള ചരിത്രസമരം, 105 ദിവസത്തെ രഹസ്യവിചാരണയിലൂടെയുള്ള വിസ്താരം, എല്ലാറ്റിനുമൊടുവിൽ നീതി ഇനിയും അകലെയാണ് അതിജീവിതയ്ക്ക്. നാലായിരത്തോളം പേജുകളുള്ള കുറ്റപത്രത്തിൽ പ്രധാനമായും ഏഴ് കുറ്റങ്ങളാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പൊലീസ് ചുമത്തിയത്. 

വകുപ്പുകൾ ഇങ്ങനെ:

IPC 376

മേലധികാരം ഉപയോഗിച്ച് തന്‍റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍

ശിക്ഷ: കുറഞ്ഞ ശിക്ഷ പത്ത് വര്‍ഷം, പരമാവധി ശിക്ഷ ജീവപര്യന്തം കൂടെ പിഴയും

IPC 376

ആവര്‍ത്തിച്ചുള്ള ബലാത്സംഗം

ശിക്ഷ: കുറഞ്ഞ ശിക്ഷ പത്ത് വര്‍ഷം, പരമാവധി ശിക്ഷ ജീവപര്യന്തം കൂടെ പിഴയും

IPC 376

അധികാര ദുര്‍വിനിയോഗം നടത്തിയുള്ള ലൈംഗിക ചൂഷണം

ശിക്ഷ: കുറഞ്ഞ ശിക്ഷ അഞ്ച് വര്‍ഷം, പരമാവധി പത്ത് വര്‍ഷം വരെ കഠിനതടവ്

IPC 377

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം

ശിക്ഷ; കുറഞ്ഞ ശിക്ഷ പത്ത് വര്‍ഷം, പരമാവധി ജീവപര്യന്തം തടവും പിഴയും

IPC 342

അന്യായമായ തടഞ്ഞുവെയ്ക്കല്‍

ശിക്ഷ; ഒരുവര്‍ഷം വരെ തടവും പിഴയും

IPC 354

സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം

ശിക്ഷ: രണ്ട് വര്‍ഷം വരെ തടവും പിഴയും

IPC 506

ഭീഷണിപ്പെടുത്തല്‍

ശിക്ഷ: ഏഴ് വര്‍ഷം വരെ തടവ്

രാവിലെ ഒമ്പതേമുക്കാലോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിലെത്തിയത്. മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പിൻവാതിൽ വഴിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ എത്തിയത്. ഒമ്പതരയോടെ ജഡ്ജിയും പത്ത് മണിയോടെ പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥരുമെത്തി. വിധിയുടെ പശ്ചാത്തലത്തിൽ കന്യാസ്ത്രീകൾ കഴിയുന്ന കുറവിലങ്ങാട് മഠത്തിന്‍റെ സുരക്ഷ കൂട്ടിയിട്ടുണ്ട്.

വിധി പറയുന്ന ദിവസം കോടതി പ്രഖ്യാപിച്ചതിനു ശേഷം സഭാ ചാനലിനോട് മാത്രമാണ് ബിഷപ്പ് ഫ്രാങ്കോ പ്രതികരിച്ചത്. വിശ്വാസികൾ തനിക്കായി പ്രാർത്ഥിക്കണം എന്നായിരുന്നു ഫ്രാങ്കോയുടെ പ്രതികരണം.

കേസിന്‍റെ നാൾവഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ

രാജ്യത്തെ കത്തോലിക്കാ സഭയേയും വിശ്വാസികളേയും ഒരേ പോലെ അമ്പരപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്ത കേസിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് വിധി കാക്കുന്നത്. കേസിനേയും അന്വേഷണത്തെയും പരമാവധി പ്രതിരോധിക്കാൻ ബിഷപ്പ് ശ്രമിച്ചെങ്കിലും ഇരയായ കന്യാസ്ത്രീയടക്കം നിലപാടിൽ ഉറച്ചുനിന്നതാണ് നിർണായകമായത്. 

ലൈംഗിക പീ‍ഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൽ. ജലന്ധർ രൂപതാസ്ഥാനത്ത് 2018 ഓഗസ്റ്റ് 13ന് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ ഉപരോധമടക്കം കണ്ട കേസാണിത്. അന്വേഷണത്തിനായെത്തിയ കേരള പൊലീസിന് ബിഷപ്പിനെ കാര്യമായി കണ്ട് ചോദ്യം ചെയ്യാനുമായില്ല. അന്ന് അന്വേഷണസംഘത്തെ ഏറെ നേരം കാത്തുനിർത്തിച്ചു ബിഷപ്പ്. 

കന്യാസ്ത്രീയുടെ പരാതിയിലെ നിജസ്ഥിതിയറിയാൻ പിന്നീട് പലവട്ടം പൊലീസ് വല വീശിയെങ്കിലും ജലന്ധറിൽ വെച്ച് നടക്കില്ലെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു. ചോദ്യം ചെയ്യൽ ക്രമസമാധാന പ്രശ്നമായി മാറരുതെന്ന് പഞ്ചാബ് പൊലീസും മുന്നറിയിപ്പ് നൽകി. ബിഷപ്പിന് ജലന്ധർ മേഖലയിൽ വിശ്വാസികളിലടക്കമുളള സ്വാധീനം മുന്നിൽക്കണ്ടായിരുന്നു ഇത്. 

ഫ്രാങ്കോ മുളയ്ക്കൽ ഒളിച്ചു കളിയ്ക്കുന്നെന്ന് തോന്നിയതോടെയാണ് ബിഷപ്പെന്ന പരിഗണന ഇനി വേണ്ടന്ന് കേരള പൊലീസ് തീരുമാനിച്ചത്. അങ്ങനെയാണ് 2018 സെപ്റ്റംബർ 19-ന് കൊച്ചിയിലേക്ക് നോട്ടീസ് അയച്ച് വിളിച്ചുവരുത്തിയത്. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു മൂന്നുദിവസത്തെ ചോദ്യം ചെയ്യൽ. 

വിഐപിയായ പ്രതിയെ ചോദ്യം ചെയ്യാൻ ഹൈ ടെക് ചോദ്യം ചെയ്യൽ മുറിയൊരുക്കി. ബിഷപ് ഫ്രാങ്കോ മുഖഭാവങ്ങൾ ഒപ്പിയെടുക്കാൻ മൂന്നു ക്യാമറകൾ സജ്ജീകരിച്ചു. പ്രത്യേക ചോദ്യാവലി ഉണ്ടാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യുമ്പോൾ വീഡിയോ ക്യാമറാ ദൃശ്യങ്ങളിലൂടെ മേലുദ്യോഗസ്ഥർ സൂക്ഷ്മ നിരീക്ഷണം നടത്തി. ഒരോ രണ്ടുമണിക്കൂറിലും ചോദ്യം ചെയ്യൽ എങ്ങനെ വേണമെന്ന് നിശ്ചയിച്ചുറപ്പിച്ചു. 

ആദ്യമൊക്കെ ബലാത്സംഗത്തെ എതിർത്ത ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. എന്നാൽ കന്യാസ്ത്രീ മഠത്തിലെ ബിഷപ്പിന്‍റെ സന്ദർശനങ്ങളും മൊബൈൽ സന്ദേശങ്ങളുമടക്കം അന്വേഷണ ഉദ്യോഗസ്ഥർ നിരത്തിയതോടെ ബിഷപ്പിന് ഉത്തരം മുട്ടി. ഒടുവിൽ മൂന്നാം ദിവസം രാത്രി അറസ്റ്റ്. എന്നാൽ അറസ്റ്റിന് ശേഷവും നാടകീയതകൾ തുടർന്നു. 

അറസ്റ്റ് രേഖപ്പെടുത്തിയ കോടതിയിൽ ഹാജരാക്കാൻ കോട്ടയത്തേക്ക് കൊണ്ടുപോകും വഴി ബിഷപ്പിന് ദേഹാസ്വാസ്ഥ്യം. ഒടുവിൽ കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപപരിചരണ വിഭാഗത്തിലേക്ക്. ബിഷപ്പിന് കാര്യമായ കുഴപ്പമൊന്നുമില്ലെന്ന് തൊട്ടടുത്ത ദിവസം ഡോക്ടർമാർ വിധിയെഴുതിയതോടെ മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ. ഒടുവിൽ റിമാൻഡിലായി ബിഷപ്പ് പാലാ സബ് ജയിലിലേക്ക്. ദിവസങ്ങൾ നീണ്ട ജയിൽവാസത്തിനൊടുവിൽ ഉപാധികളോടെ ജാമ്യം. 

കേസിനേയോ സാക്ഷികളെയോ ഒരു തരത്തിലും സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന വ്യവസ്ഥകളോടെയാണ് പുറത്തിറങ്ങിയത്. 2019 ഏപ്രിൽ 9-ന് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. അതിനുശേഷവും വിചാരണ വൈകിക്കാൻ നിരവധി ശ്രമങ്ങളുണ്ടായി. 

ഒന്നിനു പുറകേ ഒന്നായി ലഭിച്ച പകർപ്പുകൾ തെളിഞ്ഞില്ലെന്ന് പറഞ്ഞ് ബിഷപ്പിന്‍റെ അപക്ഷകൾ കോടതിയിലെത്തി. ഒന്നിനുപുറകേ ഒന്നായി പുതിയ പുതിയ ഹർജികൾ. ഇതിനിടെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് നൽകിയ ഹർജികൾ വിചാരണക്കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തളളി. 

മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗി, മുതിർന്ന അഭിഭാഷകൻ ആനന്ദ് മിശ്ര തുടങ്ങിയവരാണ് ഹാജരായത്. ആത്മീയ ശക്തി കോടതിക്കുമേൽ പ്രയോഗിക്കാനാണോ ശ്രമം എന്ന് ബിഷപ്പ് ഫ്രാങ്കോയോടു ചോദിച്ചു കൊണ്ടാണ് സുപ്രീംകോടതി ഹർജി തളളിയത്. ഇതിനിടെ 2020 ഓഗസ്റ്റിൽ വിചാരണ തുടങ്ങി. 

14 ദിവസം വിചാരണയ്ക്ക് ഹാജരാകാതിരുന്ന ബിഷപ്പ് ഫ്രാങ്കോയ്ക്ക് കോട്ടയത്തെ കോടതി ജാമ്യമില്ലാ വാറന്‍റും പുറപ്പെടുവിച്ചു. ഒടുവിൽ വിചാരണയ്ക്ക് നേരിട്ട് ഹാജരാകാമെന്ന് ബിഷപ്പ് നേരിട്ടെത്തി അറിയിച്ചതോടെയാണ് ജാമ്യം നൽകിയത്. 

ഇതിനിടെ പ്രതിഭാഗം ക്രോസ് വിസ്താരം രണ്ടുമാസം നീട്ടണമെന്ന ഫ്രാങ്കോയുടെ ആവശ്യം ഹൈക്കോടതി തളളി. രഹസ്യവിചാരണയാണ് നടന്നതെങ്കിലും ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയടക്കം കോടതിയിലെത്തി പ്രോസിക്യൂഷനായി മൊഴി നൽകി. കർദിനാൾ ജോർജ് ആലഞ്ചേരി, മൂന്നു ബിഷപ്പുമാർ, പതിനൊന്ന് വൈദികർ, 25 കന്യാസ്ത്രീകൾ എന്നിവർ വിചാരണയ്ക്ക് ഹാജരായി. എന്തായാലും കേരളത്തിലെ പൊലീസിന്‍റെ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ് ബിഷപ്പ് പ്രതിയായ ബലാത്സംഗക്കേസ്.