സംസ്ഥാനത്ത് മഴ തുടരുന്നു; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴ (Heavy Rain) തുടരുന്നു. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളിലും പലയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം, കുട്ടനാട് കൈനകരിയില്‍ 600 ഏക്കര്‍ പാടം മട വീണ് നശിച്ചു. കോഴിക്കോട് തോട്ട്മുക്കം യു പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു.
ഇടുക്കിയില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം നഗര ഗ്രാമീണ മേഖലകളില്‍ നല്ല മഴ ലഭിച്ചു. തെക്കൻ തമിഴ്നാടിന്റെ തീരദേശത്തിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് മഴ തുടരാൻ കാരണം. അടുത്ത അഞ്ച് ദിവസം വരെ ഇടിമിന്നലോട് കൂടിയ മഴ തുടരും. കേരളാതീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. വെള്ളിയാഴ്ച മുതല്‍ മഴ കുറയാനാണ് സാധ്യത.
കുട്ടനാട് കൈനകരി സി ബ്ലോക്കില്‍ ഈയാഴ്ച കൊയ്യാനിരുന്ന 600 ഏക്കര്‍ പാടമാണ് മട വീണ് നശിച്ചത്. ലക്ഷണങ്ങളുടെ നഷ്ടമുണ്ടായെന്ന് കര്‍ഷകര്‍ പറയുന്നു. വേനൽ മഴ മാറാതെ നിൽക്കുമ്പോൾ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ്. കോഴിക്കോട് തോട്ട്മുക്കം സര്‍ക്കാര്‍ യുപി സ്കൂളിലെ 40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് മഴയില്‍ തകര്‍ന്നത്. സ്കൂള്‍ പൂട്ടിയതിനാല്‍ വൻ ദുരന്തം ഒഴിവായി. എല്‍കെജി വിദ്യാര്‍ത്ഥികളുടെ ക്ലാസിലാണ് അപകടം.