ചിലര്‍ക്ക് ഇപ്പോഴും പാലാരിവട്ടം ഹാങ്ങോവര്‍ മാറിയിട്ടില്ല;മന്ത്രി മുഹമ്മദ് റിയാസ്

ചിലര്‍ക്ക് ഇപ്പോഴും പാലാരിവട്ടം ഹാങ്ങോവര്‍ മാറിയിട്ടില്ല;മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം:മാവൂരിലെ കൂളിമാട് പാലം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിന്‍റെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. രിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകും. പാലാരിവട്ടം പാലവമായി താരതമ്യം ചെയ്ത് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഇപ്പോഴും പാലാരിവട്ടം പാലത്തിന്‍റെ ഹാങ്ങ്ഓവര്‍ മാറിയിട്ടില്ലെന്ന് മന്ത്രി പരിഹസിച്ചു. കാലം മാറി, സര്‍ക്കാരും നിലപാടും മാറി. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ട്, എന്നാല്‍ അത് ്സ്വീകരിക്കണമോയെന്ന് ജനം തീരുമാനിക്കും.ഇടതു സര്‍ക്കാരിന്‍റെ സമീപനം ജനങ്ങള്‍ക്കറിയാം. സുതാര്യമായും സമയബന്ധിതമായും പൊതുമരാമത്ത് ജോലികള്‍ പൂര്‍ത്തിയാക്കുമെന്നും മുഹമ്മദ് റിയാസ്  പറഞ്ഞു.മാവൂരിലെ കൂളിമാട് പാലം തകർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് PWD ഓഫീസിന് മുന്നിൽ യൂത്ത് ലീഗിന്റെ ധർണ. പാലം തകർന്ന സംഭവത്തിൽ പ്രധാനപ്രതി മുഖ്യമന്ത്രിയാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത മുസ്ലീം ലീഗ് നേതാവ് എം.കെ.മുനീർ ആരോപിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പങ്കുണ്ട്. പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ ഇടത് സർക്കാർ സ്വീകരിച്ച നിലപാട് പിന്തുടരുകയാണെങ്കിൽ മന്ത്രിക്കെതിരെ കേസെടുക്കേണ്ടതല്ലേ എന്നും എം.കെ.മുനീർ ചോദിച്ചു. ശ്രദ്ധാപൂർവം ചെയ്യേണ്ട പ്രവൃത്തി ആയിരുന്നു ബീം ഉറപ്പിക്കൽ. ഇത് ഒരു പരിചയവും ഇല്ലാത്ത തൊഴിലാളികളെ കൊണ്ട് ചെയ്യിച്ചതാണ് അപകടം ഉണ്ടാക്കിയത്. സംസ്ഥാനത്ത് പൊളിഞ്ഞുവീഴുന്ന പാലങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇക്കാര്യത്തിൽ ശക്തമായ അന്വേഷണം വേണമെന്നും മുൻ മന്ത്രി ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം സുരക്ഷിതം ആയിരുന്നു എന്നുതന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്ന് എം.കെ.മുനീർ പറഞ്ഞു. പാലത്തിന്റെ കോൺക്രീറ്റ് മാത്രമാണ് അടർന്നത്. മുൻമന്ത്രിക്ക് എതിരായ രാഷ്ട്രീയ വിരോധമാണ് കേസുകൾക്ക് പിന്നിലെന്നും മുനീർ ആരോപിച്ചു. പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ സ്വീകരിച്ച മാതൃക ഇവിടെയും സർക്കാർ കാണിക്കുമോ എന്നും എം.കെ.മുനീർ ചോദിച്ചു. പാലം തകർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകാനാണ് യൂത്ത് ലീഗിന്റെ നീക്കം.