ലോകായുക്ത; എതിർപ്പ് തുടരുന്ന് കാനം, ഇനി എന്ത് എന്നതിൽ സിപിഐയിൽ ആശയക്കുഴപ്പം

ലോകായുക്ത; എതിർപ്പ് തുടരുന്ന് കാനം, ഇനി എന്ത് എന്നതിൽ സിപിഐയിൽ ആശയക്കുഴപ്പം

തിരുവനന്തപുരം: ലോകായുക്ത വിഷയത്തിൽ കാനം രാജേന്ദ്രൻ എതിർപ്പ് തുടരുമ്പോൾ ഇനി എന്ത് എന്നതിൽ സിപിഐയിൽ ആശയക്കുഴപ്പം. പ്രധാന വിഷയങ്ങളിൽ എല്ലാം സിപിഎം തീരുമാനങ്ങൾക്ക് വിധേയമായി നിന്ന സിപിഐ ഒടുവിൽ ലോകായുക്തക്കെതിരെ ഉയർത്തുന്ന എതിർപ്പുകൾ പാർട്ടി സമ്മേളനം മുന്നിൽ കണ്ടാണെന്ന ചർച്ചകളും സിപിഐയിൽ ഉയരുകയാണ്. നാളെയാണ് സിപിഐ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങുന്നത്.

ഒന്നാം പിണറായി സർക്കാരിന്‍റെ തുടക്ക കാലത്തെ സ്പെല്ലിംഗ് മിസ്റ്റേക്കുകളിൽ കാനം രാജേന്ദ്രൻ എതിര്‍പ്പ് അറിയിച്ചിരുന്നു. മാവോയിസ്റ്റ് ഏട്ടുമുട്ടലിലും, യുഎപിഎയിലും കടുത്ത വിമർശനങ്ങളുയർത്തി. സിപിഎം ജില്ലാ സെക്രട്ടറി മുതൽ പിബി അംഗം പ്രകാശ് കാരാട്ടിനോട് നിലപാടിൽ കയർത്തു.

വിവരാവകാശ നിയമത്തിന്‍റെ പല്ല് കൊഴിക്കാനുള്ള നീക്കത്തിനെതിരെയും അതിരപ്പിള്ളിയിലും എല്ലാം നിലപാട് നിവർന്നു പറഞ്ഞു. മുന്നണിയിൽ ആശാൻമാർ തുടങ്ങി വച്ച തിരുത്തൽ വാദങ്ങൾ തുടർന്ന പിൻഗാമി പിന്നെ പിന്നെ ഇത്തരം എതിർപ്പുകളുടെ കാര്യത്തിൽ എങ്ങോ മറഞ്ഞു. പാർട്ടി ഏറ്റവും വലിയ ചോദ്യം നേരിട്ടത് കേരള കോണ്‍ഗ്രസ് എമ്മിനെ പ്രവേശന കാലത്താണ്. തുടക്കത്തിൽ എതിർത്ത സിപിഐ പിന്നീട് പൂർണമായും മയപ്പെട്ടതിൽ ഏറ്റവും വിമർശനം കേട്ടത് കാനം രാജേന്ദ്രനാണ്. എതിർപ്പുമായി എകെജി സെന്‍ററിലേക്ക് ഉഭയകക്ഷി ചർച്ചക്ക് പോകുന്ന സിപിഐ നേതൃത്വം മയപ്പെട്ട് തിരികെ ഇറങ്ങുന്നതിൽ പാർട്ടിയിൽ നിന്നും വരെ വിമർശനമുയർന്നിരുന്നു. ഏറ്റവും ഒടുവിൽ സിൽവർ ലൈനിൽ വരെ സിപിഎമ്മിന്‍റെ ലൈനിൽ നിൽക്കുന്ന സിപിഐ വളരെ അപ്രതീക്ഷിതമായിട്ടാണ് ലോകായുക്ത ഭേദഗതിയിൽ വിമർശനം ഉന്നയിക്കുന്നത്.

കാനം തന്നെ പ്രയോഗിച്ച ഈ വാക്യം തന്നെയാണ് സിപിഐയിലെ എതിർചേരിയും ഉന്നയിക്കുന്നത്.മന്ത്രിസഭാ യോഗത്തിൽ അംഗീകരിച്ചിട്ട് ഇനി എന്ത് വിയോജിപ്പ് എന്നതാണ് ചോദ്യം. ബില്ലിനെ എതിർത്താൽ മുന്നണിയുടെ കൂട്ടുത്തരവാദിത്വവും നഷ്ടപ്പെടും. ചർച്ചയിലൂടെ പരിഹരിക്കുമെന്ന് നേതാക്കൾ പറയുമ്പോൾ ഒന്നുകിൽ ഭേദഗതി പിൻവലിക്കണം അല്ലെങ്കിൽ സിപിഐ മയപ്പെടണം. പാർട്ടി സമ്മേളനം തുടങ്ങാനിരിക്കെ പാർട്ടി സിപിഎമ്മിന് വിധേയപ്പെട്ട് പോകില്ല എന്ന തെളിയിക്കാനുള്ള കാനത്തിന്‍റെ തന്ത്രമായാണ് എതിർചേരി ഈ നീക്കത്തെ കാണുന്നത്. കഴിഞ്ഞ എക്സിക്യൂട്ടീവിൽ കാനം രാജേന്ദ്രനും വിമർശനം കേട്ടിരുന്നു.സംസ്ഥാന നേതൃത്വത്തിൽ മേൽക്കൈ ഉണ്ടെങ്കിലും വിവിധ തലങ്ങളിൽ കാനം വിരുദ്ധ ചേരിയും ശക്തമാണ്. അതുകൊണ്ട് തന്നെ ലോകായുക്ത ഭേദഗതിയിൽ ഇനി ഒരു പിന്നോട്ട് പോകും സമ്മേളനകാലത്ത് ഔദ്യോഗിക നേതൃത്വത്തിനും ക്ഷീണമാകും.