വിദ്യാർത്ഥികളെ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തത് ഭയാനകമെന്ന് മലാല

ദില്ലി: ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി കർണാടകയിലെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധം ഹിന്ദു മുസ്ലീം ചേരി തിരിഞ്ഞുള്ള ആക്രമണങ്ങളിലേക്ക് വഴി മാറുന്നതിനിടെ പ്രതികരണവുമായി നൊബേൽ സമ്മാന ജേതാവും സാമൂഹ്യപ്രവർത്തകയുമായ മലാലാ യൂസഫ്സായ്. ഹിജാബ് ധരിച്ച് പെൺകുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകമാണെന്ന് ഇതുമായി ബന്ധപ്പെട്ട ഒരു വാർത്ത പങ്കുവച്ച് മലാല ട്വീറ്റ്  ചെയ്തു. സ്ത്രീകളെ മാറ്റി നിർത്തുന്നത് ഇനിയെങ്കിലും ഇന്ത്യൻ നേതാക്കൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 

ഹിജാബോ വിദ്യാഭ്യാസമോ? നിര്‍ബന്ധിത തെരഞ്ഞെടുപ്പിലേക്ക് കോളേജുകൾ വിദ്യാർത്ഥികളെ എത്തിക്കുകയാണെന്ന് മലാല വിദ്യാർത്ഥികളുടെ ഒരാളുടെ വാക്കുകൾ സൂചിപ്പിച്ചുകൊണ്ട് കൂട്ടിച്ചേർത്തു. ഹിജാബോ വിദ്യാഭ്യാസമോ? നിര്‍ബന്ധിത തെരഞ്ഞെടുപ്പിലേക്ക് കോളേജ് ഞങ്ങളെ എത്തിക്കുന്നുവെന്ന ഒരു വിദ്യാർത്ഥിനിയുടെ വാചകം ഉദ്ദരിച്ചാണ് മലാലയുടെ ട്വീറ്റ് ആരംഭിക്കുന്നത്. 

കർണാടകയിലെ ഹിജാബ് വിവാദം; പെണ്‍കുട്ടികളുടെ ഭാവി ഇല്ലാതാക്കുകയാണ് സര്‍ക്കാരെന്ന് കോണ്‍ഗ്രസ്

കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ സ്കൂളുകളില്‍ തടഞ്ഞതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഹിജാബിന്‍റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി (Rahul Gandhi) ചൂണ്ടികാട്ടി. പെണ്‍കുട്ടികളുടെ ഭാവി ഇല്ലാതാക്കുകയാണ് സര്‍ക്കാരെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

ഹിജാബ് ധരിച്ചവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിലൂടെ ഇന്ത്യയിലെ പെണ്‍മക്കളുടെ ഭാവിയാണ് കവരുന്നത്. സരസ്വതി ദേവി എല്ലാവര്‍ക്കുമായിട്ടാണ് അറിവ് നല്‍കുന്നത്. അതില്‍ വേർതിരിവ് കാണിക്കാറില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. 

കർണാടകയിൽ ഹിജാബ് സംഘർഷം തെരുവിലേക്ക്; ഏറ്റുമുട്ടൽ, പൊലീസ് കണ്ണീർവാതകം പ്രയോ​ഗിച്ചു; രണ്ടിടത്ത് നിരോധനാജ്ഞ

ഹിജാബ് വിവാദത്തില്‍ (Hijab Ban Controversy)  കര്‍ണാടകയില്‍  (Karnataka) വ്യാപക പ്രതിഷേധം. കോളേജുകളിലെ സംഘര്‍ഷം തെരുവകളിലേക്ക് വ്യാപിച്ചു. വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി.  

ഉഡുപ്പി മഹാത്മാഗാന്ധി മെമ്മോറിയൽ കോളേജിലടക്കം വിദ്യാർത്ഥികൾ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി. ഹിജാബ് ധരിച്ചും കാവി ഷാള്‍ അണിഞ്ഞും സംഘം തിരിഞ്ഞായിരുന്നു സംഘർഷം. പരസ്പരം കല്ലേറും മുദ്രാവാക്യം വിളിയും ആയതോടെ കോളേജിനകത്ത് തുടങ്ങിയ സംഘര്‍ഷം  തെരുവിലേക്ക് വ്യാപിച്ചു. പ്രതിഷേധ റാലിക്കിടെ വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഉഡുപ്പിയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ശിവമൊഗ്ഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഹിജാബ് ധരിച്ചെത്തിയവരെ തടഞ്ഞതിനെതിരെ വിവിധയിടങ്ങളില്‍ സ്കൂളുകള്‍ക്ക് മുന്നില്‍ കുത്തിയിരുന്ന് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിച്ചു. കാവി ഷാളും കാവി തൊപ്പിയും ധരിച്ചാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ കോളേജുകളിലെത്തിയത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈസ്സ്കൂളുകളും കോളേജുകള്‍ക്കും മൂന്ന് ദിവസത്തേക്ക് അവധി നല്‍കി. സമാധാനം നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് തെരുവില്‍ പ്രതിഷേധിക്കേണ്ടി വരുന്നത് നല്ല സൂചനയല്ലെന്നും വികാരങ്ങള്‍ മാറ്റിനിര്‍ത്തി ഭരണഘടന അനുസരിച്ച് മുന്നോട്ട് പോകണമെന്നും കര്‍ണാടക ഹൈക്കോടതി ചൂണ്ടികാട്ടി.