ഏഴ് മിനിറ്റ് നേരം ആഗോള അതിസമ്പന്നരിൽ ഒന്നാമനായി യൂട്യൂബർ! അമ്പരന്ന് ലോകം

ടെസ്ലയുടെ നെടുംതൂണായ ഇലോൺ മസ്കിനെ (Elon Musk) മറികടന്ന് താൻ ലോകത്തിലെ അതിസമ്പന്നരിൽ ഒന്നാമനായെന്ന് യൂട്യൂബറുടെ (YouTuber) വെളിപ്പെടുത്തൽ. ഏഴ് മിനിറ്റ് നേരമാണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നതെന്നും മാക്സ് ഫോഷ് ( Max Fosh) അവകാശപ്പെട്ടു. എന്നാൽ തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ തന്റെ കമ്പനി അടച്ചുപൂട്ടേണ്ടി വന്നുവെന്നും താനെങ്ങനെയാണ് അതിസമ്പന്നനായതെന്നും വ്യക്തമാക്കുന്ന വീഡിയോ അദ്ദേഹം പുറത്തുവിട്ടു.
മാക്സ് ഫോഷ് കമ്പനി ആരംഭിച്ചത് ഇങ്ങനെ
യുകെയിൽ ഒരു കമ്പനി വളരെ എളുപ്പത്തിൽ ആരംഭിക്കാനാവും. ഇതിനായി ഒരു ഫോം ഫിൽ ചെയ്യാനുണ്ട്. ഇതിൽ കമ്പനിയുടെ പേരും രേഖപ്പെടുത്തണം. ഈ സ്ഥാനത്ത് അദ്ദേഹം രേഖപ്പെടുത്തിയത് അൺലിമിറ്റഡ് മണി ലിമിറ്റഡ് എന്നാണ്. മാകറോണി, നൂഡിൽ, കസ്കസ് തുടങ്ങിയവ ഉൽപ്പാദിപ്പിക്കുന്ന കമ്പനിയാണിതെന്നാണ് രേഖപ്പെടുത്തിയത്.
പത്ത് ബില്യൺ ഓഹരികളാണ് ഇദ്ദേഹം കമ്പനിയുടെ പേരിൽ രേഖപ്പെടുത്തിയത്. ഓഹരി ഒന്നിന് 50 പൗണ്ട് എന്ന് വിലയും ഇട്ടു. ഇതോടെ കമ്പനിയുടെ മൂല്യം 500 ബില്യൺ പൗണ്ടായെന്നും അദ്ദേഹം പറയുന്നു. ഇതോടെയാണ് താൻ ലോകത്തിലെ ഏറ്റവും അതിസമ്പന്നനായതെന്നാണ് മാക്സ് ഫോഷ് അവകാശപ്പെട്ടത്.
എന്നാൽ കമ്പനിക്ക് നിക്ഷേപകരെ കണ്ടെത്തുക പ്രയാസമായിരുന്നു. ഇതിനായി ഇയാൾ രണ്ട് കസേരയും ഒരു മേശയും വെച്ച് ലണ്ടനിലെ തെരുവിൽ കച്ചവടം തുടങ്ങി. ഒരു സ്ത്രീയാണ് ആദ്യം 50 പൗണ്ടിന്റെ ഓഹരി വാങ്ങിയത്. എന്നാൽ മാക്സ് ഫോഷിന് താൻ അകപ്പെട്ടിരിക്കുന്ന വലിയ കുരുക്കിനെ കുറിച്ച് അധികം വൈകാതെ മനസിലായി.
യുകെയിലെ വാണിജ്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നായിരുന്നു ഇടപെടൽ. അൺലിമിറ്റഡ് മണി ലിമിറ്റഡ് എന്ന കമ്പനിയുടെ വിപണി മൂല്യം 500 ബില്യൺ പൗണ്ടാണെന്ന് രേഖകളിൽ നിന്ന് വ്യക്തമാണെന്നും എന്നാൽ വരുമാനത്തിനായുള്ള പ്രവർത്തനമൊന്നും കമ്പനി നടത്താത്തതിനാൽ ഇതൊരു തട്ടിപ്പാണെന്ന് കരുതുന്നതായും അധികൃതർ മാക്സ് ഫോഷിന് അയച്ച സന്ദേശത്തിൽ പറഞ്ഞു. അതിനാൽ എത്രയും വേഗം കമ്പനി പിരിച്ചുവിടണമെന്നും അവർ സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. അധികൃതരുടെ നിർദ്ദേശം ഇയാൾ അക്ഷരം പ്രതി പാലിച്ചു. അങ്ങിനെ ഏഴ് മിനിറ്റ് നേരം താൻ ലോകത്തിലെ ഏറ്റവും ധനികനായെന്ന് അവകാശപ്പെട്ട് മാക്സ് ഫോഷ് യൂട്യൂബിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തു.
മാക്സ് ഫോഷ് യൂട്യൂബിൽ പങ്കുവെച്ച വീഡിയോ ഏഴ് ലക്ഷത്തിലേറെ പേർ കണ്ടിട്ടുണ്ട്. നിരവധി പേരാണ് ഈ വിഡിയോയിൽ മാക്സ് ഫോഷിന്റെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റിട്ടിരിക്കുന്നത്. ഇതിനെ വെറും തമാശയായി കണ്ടവരും ഏറെയുണ്ട്.