50,000 രൂപയ്ക്ക് കുട്ടികളെ വില്‍ക്കാനിറങ്ങിയ പാകിസ്താനി പോലീസുകാരന്‍; കാരണമിതാണ്

ലാഹോർ: 50,000 രൂപയ്ക്ക് കുട്ടികളെ വിൽക്കാനിറങ്ങി പാകിസ്താനിലെ പോലീസുകാരൻ. അവധി അനുവദിക്കാൻ മേലുദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് നിസാർ ലസ്ഹാരി എന്ന പോലീസുകാരൻ കുട്ടികളെ വിൽക്കാനായി റോഡിലിറങ്ങിയത്. രണ്ട് കുട്ടികളുമായി റോഡിലിറങ്ങി നിൽക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോ കഴിഞ്ഞദിവസമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാർത്തയായതോടെ നിസാർ ലസ്ഹരി നേരിട്ട പ്രശ്നങ്ങൾക്കും പരിഹാരമായി.
പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഗോട്ട്ഖി ജില്ലയിലെ പോലീസുകാരനാണ് നിസാർ ലസ്ഹരി. ജയിൽ വകുപ്പിലാണ് അദ്ദേഹം ജോലിചെയ്യുന്നത്. കഴിഞ്ഞദിവസം മകന്റെ ചികിത്സാ ആവശ്യങ്ങൾക്കായി നിസാർ അവധിക്ക് അപേക്ഷനൽകി. എന്നാൽ അവധി അപേക്ഷ നിരസിച്ച മേലുദ്യോഗസ്ഥൻ, അവധി അനുവദിക്കണമെങ്കിൽ കൈക്കൂലി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് നിസാർ രണ്ടുമക്കളുമായി റോഡിലിറങ്ങിയത്. 50,000 പാകിസ്താനി രൂപയ്ക്ക് മക്കളെ വിൽക്കുകയാണെന്ന് പറഞ്ഞാണ് നിസാർ റോഡിലിറങ്ങിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ചിലർ പോലീസുകാരന്റെ വീഡിയോ പകർത്തി. മണിക്കൂറുകൾക്കകം വീഡിയോ വൈറലാവുകയും മാധ്യമങ്ങളിലടക്കം വാർത്തയാവുകയുമായിരുന്ന
അവധി നിരസിച്ച മേലുദ്യോഗസ്ഥൻ തന്നെ 120 കിലോമീറ്റർ അകലെയുള്ള ലാർക്കാനയിലേക്ക് സ്ഥലംമാറ്റിയതായും നിസാർ മാധ്യമങ്ങളോട് പറഞ്ഞു. ' കൈക്കൂലി നൽകാത്തതിന് എന്തിനാണ് ഇങ്ങനെ ശിക്ഷിക്കുന്നത്? ഞാനൊരു പാവപ്പെട്ടവനാണ്. ഇക്കാര്യത്തിൽ കറാച്ചി വരെ യാത്രചെയ്ത് ഐ.ജിക്ക് പരാതി നൽകാൻ എന്നെക്കൊണ്ട് കഴിയില്ല. ഈ ഉദ്യോഗസ്ഥരെല്ലാം ശക്തരാണ്. ഇവർക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കില്ല. ഞാൻ എന്റെ കുഞ്ഞിന്റെ ഓപ്പറേഷന് പണം മുടക്കണോ അതോ ഇവർക്ക് കൈക്കൂലി നൽകണോ? -നിസാർ ലസ്ഹരി ചോദിച്ചു. തന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതിൽ അത്ഭതമില്ലെന്നും ഇക്കാലത്ത് വാർത്തകൾ അതിവേഗം ജനങ്ങളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസുകാരന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ വിഷയത്തിൽ ഇടപെട്ടു. പോലീസുകാരനെ നേരത്തെ ജോലിചെയ്തിരുന്ന സ്ഥലത്തുതന്നെ വീണ്ടും നിയമിച്ചതായും മകന്റെ ചികിത്സാ ആവശ്യങ്ങൾക്കായി 14 ദിവസത്തെ അവധി അനുവദിച്ചതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.