പാർട്ടി കോൺഗ്രസില്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് സിപിഎം; തീരുമാനമായിട്ടില്ലെന്ന് കെ വി തോമസ്

കണ്ണൂർ: കെപിസിസി ഊരുവിലക്ക് ലംഘിച്ച് കോൺഗ്രസ് നേതാവ് കെ വി തോമസ് പാർട്ടി കോൺഗ്രസില്‍ (Kannur Party Congress) പങ്കെടുക്കുമെന്ന് സിപിഎം. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് എം വി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാം എതിർക്കലല്ല പ്രതിപക്ഷത്തിന്റെ ദൗത്യം എന്ന തോമസിന്റെ നിലപാടാണ് ശരി. പാർട്ടി കോൺഗ്രസ് സെമിനാറും ഇതേ ആശയമാണ് പങ്കുവയ്ക്കുന്നത്. കെപിസിസി വിലക്കുണ്ടെന്ന് ശശി തരൂരിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് കെ വി തോമസിന്‍റെ ഓഫീസ് അറിയിക്കുന്നത്.
പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ട്. പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം എഐസിസി തീരുമാനപ്രകാരമായിരിക്കുമെന്ന് കെ വി തോമസ് പ്രതികരിച്ചു. സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് കത്ത് പാർട്ടി അദ്ധ്യക്ഷയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. മറുപടി അനുസരിച്ച് പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് കെ വി തോമസ് വ്യക്തമാക്കി. അതേസമയം, കെ സുധാകരൻ എം പിയെ സർക്കാരിന്റെ വാർഷികാഘോഷത്തിന് ക്ഷണിച്ചില്ലെന്ന ആക്ഷേപത്തില്‍ എം വി ജയരാജൻ വിശദീകരണം നല്‍കി. വിളിച്ചാലും വരില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് ക്ഷണിക്കാതെയിരുന്നതെന്നായിരുന്നു വിശദീകരണം.