നവീൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യമന്ത്രാലയം

നവീൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യമന്ത്രാലയം

ബെം​ഗളൂരു: യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം (Efforts are on to bring Naveen's body back to India Says Ministry of External affairs). കാര്‍കീവിലെ മെഡിക്കല്‍ സര്‍വ്വകലാശാലയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നതെന്ന് കുടുംബത്തിന് അറിയിപ്പ് ലഭിച്ചു. അതേസമയം നീറ്റ് പ്രവേശന പരീക്ഷയുടെ ഇരയാണ് നവീനെന്ന് പ്രതിപക്ഷം ആരോപിച്ചു.

നവീന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ യുക്രെയ്ൻ അധികൃതരുമായി ചർച്ച നടത്തി വരികയാണെന്നാണ് വിദേശകാര്യമന്ത്രാലയം ഒടുവില്‍ അറിയിച്ചിരിക്കുന്നത്. ഏജന്‍റും നവീന്‍റെ സുഹൃത്തുക്കളും മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. ഖാര്‍കീവിലെ മെഡിക്കല്‍ സര്‍വ്വകലാശാലയിലാണ് മൃതദേഹം നിലവിലുള്ളത്.നാട്ടില്‍ എപ്പോള്‍ എത്തിനാകുമെന്നതില്‍ അവ്യക്തത തുടരുകയാണ്. 

ഹവേരിയിലെ കര്‍ഷക കുടുംബമാണ് നവീന്‍റേത്.കൃഷിയില്‍ നിന്നുള്ള വരുമാനം സ്വരൂപിച്ചും വായ്പയെടുത്തുമാണ് വിദേശത്ത് പഠനത്തിനയച്ചത്. പ്ലസ് ടുവിന് 97 ശതമാനം മാര്‍ക്ക് ലഭിച്ചിരുന്നെങ്കിലും നീറ്റ് പ്രവേശന പരീക്ഷയില്‍ ആദ്യ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ചാലഗേരി എന്ന ഗ്രാമത്തിലെ കര്‍ഷ കുടുംബത്തില്‍ നിന്നുള്ള നവീന് നീറ്റ് പരീശിലനത്തിന് പോകാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യയിലെ ഉയര്‍ന്ന ഫീസ് കണക്കിലെടുത്താണ് യുക്രൈനിലെ ഖാര്‍കീവ് മെഡിക്കല്‍ സര്‍വ്വകലാശാല തെരഞ്ഞെടുത്തത്.

ഗ്രാമീണ മേഖലയിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും നീറ്റ് മരണമണിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നീറ്റ് പ്രവേശന പരീക്ഷ രീതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ജെഡിഎസ്.