ഓപ്പറേഷന്‍ ഗംഗ;ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 12000 കടന്നു,3 ദില്ലി-കേരള പ്രത്യേക സര്‍വീസുകള്‍

ഓപ്പറേഷന്‍ ഗംഗ;ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 12000 കടന്നു,3 ദില്ലി-കേരള പ്രത്യേക സര്‍വീസുകള്‍

ദില്ലി: ഓപ്പറേഷൻ ഗംഗയിലൂടെ (Operation Ganga) ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 12000 കടന്നു. 24 മണിക്കൂറിനിടെ 629 പേരെയാണ് വ്യോമസേനാ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചത്. മലയാളി വിദ്യാർത്ഥികൾക്കായി ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ സർവ്വീസ് നടത്തുന്നുണ്ട്. രണ്ടായിരത്തിലേറെ ഇന്ത്യക്കാര്‍ യുക്രൈനില്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ്  കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. പിസോച്ചിനിൽ ആയിരം  പേരും കാര്‍കീവില്‍ മുന്നൂറും, സുമിയില്‍ 700 പേരും കുടുങ്ങി കിടക്കുന്നതായാണ് വിദേശകാര്യ മന്താലയം  അറിയിച്ചത്.അതേസമയം രക്ഷാപ്രവർത്തനത്തിന് പ്രത്യേക ട്രെയിനുകൾ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും യുക്രൈൻ ഇനിയും അനുകൂലമായ പ്രതികരണം നടത്തിയിട്ടില്ല.

  • 'ഭക്ഷണവും വെള്ളവുമില്ല, സ്ഥിതി മോശമാണ്', ഇടപെടണമെന്ന് കാർഖീവിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾ

ദില്ലി: കാർഖീവിൽ സ്ഥിതിഗതികൾ വളരെ മോശമാണെന്ന് തിരികെയെത്തിയ വിദ്യാർത്ഥികൾ. ''കാർഖീവ് അടക്കമുള്ള സ്ഥലങ്ങളിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുകയാണ്. പലർക്കും ഭക്ഷണവും വെള്ളവുമില്ല. അവർക്ക് അടിയന്തര സഹായം നൽകണം'. അതിർത്തി കടക്കുന്നത് വരെ തങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ ഒരു സഹായവും ലഭിച്ചില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ എംബസികൾ വിദ്യാർത്ഥികളോട് ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യയുടെ നിർദേശം വൈകി. ബങ്കറുകളിൽ ഭക്ഷണം പോലുമില്ലാതെ കഴിയേണ്ടി വന്നു. പഠനം പൂർത്തീകരിക്കാൻ ഇന്ത്യൻ സർക്കാർ ഇടപെടണമെന്ന ആവശ്യവും തമിഴ്നാടിൽ നിന്നുള്ള വിദ്യാർത്ഥി ഗിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കാർഖീവിൽ വച്ച്  ഒരു സഹായവും എംബസിയിൽ നിന്ന് കിട്ടിയിരുന്നില്ലെന്ന് ദില്ലിയിലെത്തിയ മറ്റ് വിദ്യാർത്ഥികളും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കാർഖീവിൽ ഭക്ഷണവും വെള്ളവും പോലും കിട്ടാനുണ്ടായിരുന്നില്ല. ഞങ്ങൾക്ക്  കാർഖീവിൽ നിന്ന് ട്രെയിൻ മാർഗം ലിവീവിൽ എത്താനായതോടെയാണ് രക്ഷപ്പെടാൻ കഴിഞ്ഞത്. അവിടെ നിന്ന് ടാക്സിയിലാണ് അതിർത്തി കടന്നത്. സ്വന്തം നിലയ്ക്കാണ് എല്ലാവരും അതിർത്തി കടന്നതെന്നും അത് വരെ എംബസിയുടെ സഹായമുണ്ടായിരുന്നില്ലെന്നും വിദ്യാർത്ഥികൾ ആവർത്തിച്ചു.

  • റഷ്യ ആണവനിലയം ലക്ഷ്യംവയ്ക്കുന്നെന്ന് അമേരിക്ക;പോളണ്ടും റൊമാനിയയും സന്ദര്‍ശിക്കാന്‍ കമല ഹാരിസ്

ന്യൂയോര്‍ക്ക്: സപ്രോഷ്യക്ക് പിന്നാലെ യുക്രൈനിലെ മറ്റൊരു ആണവനിലയം കൂടി റഷ്യ ലക്ഷ്യം വയ്ക്കുന്നുവെന്ന് അമേരിക്ക. യുഎന്നിലെ അമേരിക്കൻ അംബാസിഡർ രക്ഷാസമിതി യോഗത്തിലാണ് ആരോപണം ഉന്നയിച്ചത്. യുക്രൈനിലെ രണ്ടാമത്തെ വലിയ ആണവനിലയമായ യുസോക്രെയ്ൻസ്ക് റഷ്യ ലക്ഷ്യംവയ്ക്കുന്നുവെന്ന് യുഎസ് അംബാസിഡറായ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു. റഷ്യൻ സൈന്യം നിലയത്തിന്‍റെ 20 മൈൽ അകലെയെന്നും നിലയം ലക്ഷ്യമാക്കി നീങ്ങുകയാണെന്നുമാണ് അമേരിക്ക വ്യക്തമാക്കുന്നത്. റഷ്യയുടെ നീക്കം തടയാൻ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചുനിന്ന് ആവശ്യപ്പെടണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് അടുത്ത ആഴ്ച്ച യൂറോപ്പ് സന്ദര്‍ശിക്കും. യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളായ പോളണ്ടും റൊമാനിയയും സന്ദര്‍ശിക്കാനാണ് തീരുമാനം. മാര്‍ച്ച് ഒന്‍പത് മുതല്‍ 11  വരെയായിരിക്കും കമല ഹാരിസിന്‍റെ സന്ദര്‍ശനം. റഷ്യ യുക്രൈന്‍ യുദ്ധം സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും തലവന്മാരുമായി കമല ഹാരിസ് ചര്‍ച്ചകള്‍ നടത്തും. യുദ്ധമുഖത്ത് നിന്ന് പോളണ്ടിലേക്കും റൊമാനിയയിലേക്കും യുക്രൈന്‍ ജനത അഭയം തേടുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളെയും എങ്ങനെ അമേരിക്കയ്ക്ക് സഹായിക്കാനാവും എന്നതും ചര്‍ച്ചയാവും. നാറ്റോ സഖ്യത്തിന്റെ ശക്തിയും ഐക്യവും തെളിയിക്കുന്നതും നാറ്റോയുടെ യൂറോപ്പിലെ കിഴക്കൻ സഖ്യകക്ഷികൾക്കുള്ള പിന്തുണ വ്യക്തമാക്കുന്നതും ആയിരിക്കും കമല ഹാരിസിന്‍റെ സന്ദര്‍ശനമെന്ന വൈറ്റ് ഹൗസ് അറിയിച്ചു.  

അതേസമയം യുക്രൈന് മുകളിൽ നോ ഫ്ലൈ സോൺ ഏർപ്പെടുത്തണമെന്ന ആവശ്യം നാറ്റോ തള്ളി. നേരിട്ട് ഇടപെടുന്നത് നിലവിലെ സാഹചര്യം വഷളാക്കുമെന്നും ഇപ്പോൾ യുക്രൈനില്‍ ഒതുങ്ങി നിൽക്കുന്ന സംഘർഷം യൂറോപ്യൻ യുദ്ധമായി മാറുകയും ചെയ്യുമെന്നാണ് ഭയം. ഞങ്ങളീ യുദ്ധത്തിന്‍റെ ഭാഗമല്ലെന്നായിരുന്നു നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾടെൻബർഗിന്‍റെ പ്രതികരണം. നാറ്റോ സഖ്യകക്ഷികളെന്ന നിലയിൽ ചില ഉത്തരവാദിത്തങ്ങളുണ്ട്. ഈ യുദ്ധം യുക്രൈയ്ന്‍റെ അതിർത്തികൾ കടക്കരുത്. അങ്ങനെ സംഭവിച്ചാൽ അത് കൂടുതൽ ദുരിതത്തിലേക്ക് നയിക്കുമെന്നാണ് സ്റ്റോൾടെൻബർഗ് പറയുന്നത്.