'സിൽവർ ലൈനിന് എതിരല്ല, സർക്കാർ വസ്തുതകൾ മറച്ചുവെക്കുന്നു': വീണ്ടും വിമർശിച്ച് സിംഗിൾ ബെഞ്ച്

'സിൽവർ ലൈനിന് എതിരല്ല, സർക്കാർ വസ്തുതകൾ മറച്ചുവെക്കുന്നു': വീണ്ടും വിമർശിച്ച് സിംഗിൾ ബെഞ്ച്

കൊച്ചി: സിൽവർ ലൈനിൽ സംസ്ഥാന സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി സിംഗിൾ ബെഞ്ച്. സിൽവർ ലൈനുമായി ബന്ധപ്പെട്ട വസ്തുതകൾ സർക്കാർ മറച്ചു വയ്ക്കുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. സിൽവർ ലൈനുമായി ബന്ധപ്പെട്ട വിവരങ്ങൾ കോടതി തേടുമ്പോൾ അതിനെതിരെ സർക്കാർ അപ്പീൽ നൽകുന്നു. സിൽവർ ലൈൻ പദ്ധതിക്ക് കോടതി എതിരല്ലെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലാണ് കോടതി ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിൽവർ ലൈൻ സർവെ തടഞ്ഞ സിംഗിൾ ബെഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷൻ ബ‌െഞ്ച് ഇന്ന് വാക്കാൽ പരാമർശിച്ചതിന് പിന്നാലെയാണ് സിംഗിൾ ബെഞ്ച് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. രണ്ട് കേസുകളിലായി രണ്ട് തവണ സിംഗിൾ ബെഞ്ച് സിൽവർ ലൈൻ സർവെ നിർത്തിവെച്ചിരുന്നു. ജനുവരിയിലെ സിംഗിൾ ബെഞ്ച് ഉത്തരവ് നേരത്തെ തന്നെ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഫെബ്രുവരി ഏഴിന് പദ്ധതിയുടെ സർവെ നിർത്തിവെക്കാൻ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവും റദ്ദാക്കുമെന്നാണ് ഇന്ന് ഡിവിഷൻ ബെഞ്ച് അറിയിച്ചിരിക്കുന്നത്. സർക്കാർ അപ്പീലിലാണ് വാക്കാൽ പരമാർശം. വിശദമായ ഉത്തരവിറക്കാനായി കേസ് മാറ്റി. 

ഇന്ന് രാവിലെ കേസ് പരിഗണിച്ചപ്പോൾ തന്നെ അഡ്വക്കേറ്റ് ജനറൽ, സിംഗിൾ ബെഞ്ചിന്റെ നിലപാടിൽ തന്റെ അതൃപ്തി ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.  ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത് തെറ്റായ നടപടിയെന്നായിരുന്നു വാദം. ഡിവിഷൻ ബെഞ്ച് കേസിൽ വിധി പറയാൻ മാറ്റിയ കാര്യം സിംഗിൾ ബെഞ്ചിനെ അറിയിച്ചിരുന്നു. സർക്കാരിന്റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ സിംഗിൾ ബഞ്ച് ഉത്തരവിറക്കിയതെന്നും എജി ആരോപിച്ചു..

നാല് ദിവസം മുൻപ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ച് മറ്റൊരു കേസിൽ നിലപാടെടുത്തിരുന്നു. പുതിയ പദ്ധതിയ്ക്കായി കേരള സർവേസ് ആൻഡ് ബൌണ്ടറീസ് ആക്ട് പ്രകാരം സർക്കാറിന്  സർവേ നടത്താമെന്ന് വ്യക്തമാക്കിയായിരുന്നു സിംഗിൾ ബ‌ഞ്ച് ഉത്തരവ് അന്ന് റദ്ദാക്കിയത്. ഹർജിക്കാരുടെ ഭൂമിയിലെ സർവ്വേ തടഞ്ഞ ജനുവരി 20ലെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സർക്കാർ അപ്പീൽ.  

അപ്പീൽ ഡിവിഷൻ ബ‌ഞ്ച് അനുവദിച്ച സാഹചര്യത്തിൽ സർക്കാറിന് സിൽവർലൈൻ സർവ്വേയുമായി മുന്നോട്ട് പോകാനാവുമായിരുന്നു. ഇപ്പോൾ നടക്കുന്നത് ഭൂമി ഏറ്റെടുക്കാനുള്ള സർവ്വേ അല്ലെന്നും സാമൂഹികാഘാത പഠനത്തിനുള്ള സർവ്വേ ആണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. തത്വത്തിലുള്ള അനുമതിയാണ്   പദ്ധതിയ്ക്കുള്ളതെന്നും സർവേ നിർത്തി വയ്ക്കണമന്ന ഉത്തരവ് സംസ്ഥാനത്ത് ഉടനീളം സമാനമായ വ്യവഹാരങ്ങൾക്ക് കാരണമാകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. 

സർവ്വേ നിർത്തി വയ്ക്കുന്നത് പദ്ധതി വൈകാനും പദ്ധതി ചെലവ് ഉയരാനും കാരണമാകുമെന്ന വാദവും ഹൈക്കോടതി അംഗീകരിച്ചു. പദ്ധതിയുടെ ഡിപിആറിന്റെ വിശദാംശങ്ങൾ കൈമാറണമെന്ന സിംഗിൾ ബഞ്ചിന്റെ നിർദേശവും ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. സിൽവർ ലൈനിൻറെ സാമ്പത്തിക കാര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച കേന്ദ്രസർക്കാർ നിലപാടും കോടതി കണക്കിലെടുത്തില്ല. ഹൈക്കോടതി ഉത്തരവ് ലഭിച്ചാൽ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ഹർജിക്കാർ വ്യക്തമാക്കിയത്. ഫെബ്രുവരി ഏഴിനാണ് സിംഗിൾ ബെഞ്ച് സർവേ തടഞ്ഞ് രണ്ടാമത്തെ ഉത്തരവിട്ടത്. ഇതും ഡിവിഷൻ ബെഞ്ച് റദ്ദാക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ നിർത്തിവെച്ച സർവ്വേ നടപടികൾ തുടരാൻ സംസ്ഥാന സർക്കാരിന് കഴിയും.