'കെ റെയിലി'ൽ തുടങ്ങി; വികസന അജണ്ട മുന്നോട്ട് വച്ച് എൽഡിഎഫ്, പോസ്റ്റർ പ്രചാരണം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വികസന അജണ്ട മുന്നോട്ട് വച്ച് എൽഡിഎഫ് പ്രചാരണം. കെ റെയിൽ പദ്ധതി വച്ച് ആദ്യ പോസ്റ്റർ പ്രചാരണം എൽഡിഎഫ് തുടങ്ങി.
തൃക്കാക്കരയിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയെ ഇന്നാണ് പ്രഖ്യാപിക്കുക. അഡ്വ കെ എസ് അരുൺ കുമാറിലാണ് ഇപ്പോൾ ചർച്ചകൾ എത്തി നിൽക്കുന്നതെങ്കിലും ഉമ തോമസ് സ്ഥാനാർത്ഥിയായതോടെ മണ്ഡലത്തിൽ നിർണായകമായ ക്രൈസ്തവ വോട്ടുകൾ ഇടതിന് അനുകൂലമായി കേന്ദ്രീകരിപ്പിക്കാൻ സർപ്രൈസ് സ്ഥാനാർത്ഥി വേണമോ എന്ന അവസാന വട്ട ആലോചനയിലാണ് സിപിഎം. ബിജെപി സ്ഥാനാർത്ഥി നിർണ്ണയം ഇനിയും വൈകും.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് വ്യക്തമായ നിലപാട് തുറന്നുപറയാൻ കോൺഗ്രസ് നേതാവ് കെ വി തോമസ് ഇനിയും തയ്യാറായിട്ടില്ല. താനിപ്പോഴും കോൺഗ്രസുകാരനാണെന്ന് പറയുമ്പോഴും വികസനത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് തുറന്നു പറയേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. യുഡിഎഫ് സ്ഥാനാർഥിയും അന്തരിച്ച പി ടി തോമസിന്റെ ഭാര്യയുമായ ഉമ തോമസുമായിതനിക്ക് വ്യക്തി ബന്ധം ഉണ്ട്. എന്നാൽ വ്യക്തിബന്ധവും രാഷ്ട്രീയവും രണ്ടാണ്. ഉമ തോമസിന്റെ വീട്ടിൽ ചെല്ലാം എന്നു പറഞ്ഞിട്ടുണ്ട്. വ്യക്തി ബന്ധത്തിന്റെ പേരിൽ പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല.സ്ഥാാനാർഥി ചിത്രം തെളിഞ്ഞ ശേഷം ആർക്കാണ് പിന്തുണയെന്ന് വ്യക്തമാക്കാമെന്നും കെ.വി.തോമസ് പറഞ്ഞു.
താൻ എൽ.ഡി.എഫിന് ഒപ്പം എന്നത് മാധ്യമ സൃഷ്ടിയാണെന്നും താൻ ഇപ്പോഴും കോൺഗ്രസുകാരൻ ആരെന്നും കെ വി തോമസ് കൂട്ടിച്ചേർത്തു. തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമാ തോമസിനെ തീരുമാനിച്ചതിനെതിരെ കെ വി തോമസ് രംഗത്തെത്തിയിരുന്നു. ഉമയെ സ്ഥാനാർത്ഥിയായി നിയോഗിച്ചതെങ്ങനെയാണെന്ന് നേതൃത്വം വ്യക്തമാക്കണമെന്നാണ് കെ വി തോമസ് ആവശ്യപ്പെട്ടത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജില്ലയിലെ മുതിർന്ന നേതാക്കളോട് ആലോചിച്ചിരുന്നോയെന്ന ചോദ്യമുയർത്തിയ കെവി തോമസ്, സ്ഥാനാർഥി നിർണയത്തിൽ കൂടിയാലോചനകൾ നടന്നില്ലെന്നും ആരോപിച്ചിരുന്നു.