'പുറത്താക്കുമെങ്കിൽ പുറത്താക്കട്ടെ', തൃക്കാക്കരയിൽ ഇടതിനൊപ്പം,ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെവി തോമസ്

'പുറത്താക്കുമെങ്കിൽ പുറത്താക്കട്ടെ', തൃക്കാക്കരയിൽ ഇടതിനൊപ്പം,ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെവി തോമസ്

കൊച്ചി:  പിടി തോമസിന്റെ നിര്യാണത്തെ തുട‍ര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് വേണ്ടി മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഇടത് മുന്നണി കൺവെൻഷനിൽ കെ വി തോമസ് പങ്കെടുക്കും. ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പ്രചാരണത്തിൽ പങ്കാളിയാകുമെന്ന് കൊച്ചിയിലെ വാര്‍ത്താ സമ്മേളനത്തിലാണ് കെ വി തോമസ് പ്രഖ്യാപിച്ചത്. താൻ ഇന്നും എന്നും കോൺഗ്രസുകാരനാണ്. കോൺഗ്രസുകാരനായി തന്നെയാണ് ഇടതിനായി പ്രചാരണത്തിന് ഇറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പ്രചാരണത്തിന് പോയിട്ടുള്ളത് താൻ മാത്രമല്ലെന്നാണ് കെവി തോമസ് നൽകുന്ന വിശദീകരണം. 2018 മുതൽ തന്നെ കോൺഗ്രസിൽ നിന്നും പുറത്താക്കാൻ സംഘടിത ശ്രമമുണ്ടെന്നും പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും കെ വി തോമസ് പറഞ്ഞു. കണ്ണൂരിൽ സിപിഎം പാര്‍ട്ടി സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസിൽ നിന്നും പുറത്താക്കാനാണെങ്കിൽ പുറത്താക്കട്ടെയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. കണ്ണൂരിൽ പോയാൽ പുറത്താക്കുമെന്നായിരുന്നു അന്ന് പറഞ്ഞത് എന്നിട്ടെന്തായെന്നും കെ വി തോമസ് ചോദിച്ചു.