വർഷങ്ങൾക്ക് ശേഷം അവളെ കണ്ടുമുട്ടി, തിരിച്ചറിയില്ലെന്ന് അവൾ കരുതി, പക്ഷേ... വിനോദ് കോവൂർ പറയുന്നു

മിമിക്രിയും സ്കിറ്റുമായെത്തി, ടെലിവിഷനും പിന്നീട് സിനിമയിലും സജീവമായ വിനോദ് കോവൂർ സൌഹൃദത്തിന്റെ കഥ പറയുകയാണ്. കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ നിത്യ സന്ദർശകനായിരുന്നു വിനോദ് കോവൂർ. അന്ന് അവിടെയുണ്ടായിരുന്ന ഒരു പെൺകുട്ടി അദ്ദേഹത്തിന് സഹോദരിയെപ്പോലെയായിരുന്നു. മഞ്ജുള എന്ന ആ പെൺകുട്ടി വളർന്ന് യുവതിയായി, വിവാഹിതയായി. പിന്നീട് കണ്ടിട്ടില്ല. എന്നാൽ അപ്രതീക്ഷിതമായി പെരിന്തൽമണ്ണയിൽ വച്ച് അവളെ വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷമാണ് വിനോദ് കോവൂർ പങ്കുവയ്ക്കുന്നത്.
പെരിന്തൽമണ്ണയ്ക്കടുത്ത് പച്ചീരി എൽപി സ്കൂളിന്റെ നൂറാം വാർഷിക ആഘോഷത്തോടനുബന്ധിച്ചുള്ള പൂർവവിദ്യാർഥി സംഗമത്തിൽ അതിഥിയായിപ്പോഴാണ് അപ്രതീക്ഷിതമായി മഞ്ജുളയെ കണ്ടുമുട്ടിയത്. അന്ന് കൂടിക്കാഴ്ചയിലെ സന്തോഷം അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. താൻ തിരിച്ചറിയില്ലെന്നാണ് അവൾ കരുതിയതെന്നും എന്നാൽ അടുത്ത് ചെന്ന് ചേർത്ത് പിടിച്ചപ്പോൾ അവൾ കരഞ്ഞുപോയെന്നും വിനോദ് കോവൂർ പറയുന്നു.
വിനോദ് കോവൂറിന്റെ കുറിപ്പ് വായിക്കാം
സന്തോഷവും സങ്കടവും ഇടകലർന്ന ഒരു നിമിഷം . പെരിന്തൽമണ്ണക്കടുത്ത് പച്ചീരി എൽ പി സ്കൂളിന്റെ നൂറാം വാർഷിക ആഘോഷത്തോടനുബന്ധിച്ചുള്ള പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ അതിഥിയായ് ചെന്നതായിരുന്നു. ആകസ്മികമായ് അവിടെ വെച്ച് ഒരുപാട് കാലത്തിന് ശേഷം കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ ഉണ്ടായിരുന്ന അനിയത്തി കുട്ടി മഞ്ജുളയെ കാണാനിടയായ് .ഹോമിലെ സന്ദർശകനായിരുന്ന എനിക്ക് കുട്ടി കാലം മുതലേ മഞ്ജുളയെ അറിയാം പിന്നീട് വർഷങ്ങൾക്ക് മുമ്പ് മഞ്ജുളയെ പെരിന്തൽമണ്ണക്കടുത്തുള്ള ഒരു സഹൃദയൻ വിവാഹം ചെയ്ത് കൊണ്ടുപോവുകയായിരുന്നു. പിന്നീട് വലിയ ഒരു ഇടവേളക്ക് ശേഷം ഈ ചടങ്ങിൽ വെച്ചാണ് കണ്ടുമുട്ടിയത്. ഞാൻ അവളെ തിരിച്ചറിയില്ല എന്നവൾ തെറ്റിദ്ധരിച്ചു. ചടങ്ങിൽ നാടൻ പാട്ട് പാടി ഓഡിയൻസിനിടയിലേക്ക് ചെന്ന ഞാൻ മഞ്ജുളയെ ചേർത്ത് നിർത്തി ഓഡിയൻസിന് പരിചയപ്പെടുത്തി കൊണ്ട് പാടി . എല്ലാവരും താളം പിടിച്ച് പാട്ട് ആസ്വദിച്ചപ്പോൾ .സന്തോഷം കൊണ്ടാവാം അവൾ മാത്രം കരഞ്ഞു. വികാരനിർഭരമായ രംഗം പ്രിയ സുഹൃത്ത് ഫൈസൽക്ക ക്യാമറയിൽ പകർത്തി.
ഒരുപാട് ഇഷ്ട്ടം തോന്നിയ ഫോട്ടോ .
മനസിന് വലിയ സന്തോഷം തോന്നിയ നിമിഷം
ഏറെ സന്തോഷം തോന്നിയ ദിനം .
അടുത്ത ദിവസം ഹോമിൽ നിന്ന് വിവാഹം കഴിഞ്ഞ് പോയ കുറേ അനിയത്തിമാർ എന്നെ വിളിച്ചു സന്തോഷം അറിയിച്ചു.
അത് മനസിന് ഇരട്ടിമധുരം സമ്മാനിച്ചു.