തുരങ്കങ്ങളിൽ ഒളിച്ച് സ്വർണപ്പാറകൾ; വയനാട് അതിർത്തിക്കാട്ടിൽ ഭാഗ്യമോ ദുരന്തമോ?

തുരങ്കങ്ങളിൽ ഒളിച്ച് സ്വർണപ്പാറകൾ; വയനാട് അതിർത്തിക്കാട്ടിൽ ഭാഗ്യമോ ദുരന്തമോ?

കല്‍പറ്റ ∙ സ്വര്‍ണത്തരികള്‍ തേടി മണ്ണും കല്ലും പാറക്കെട്ടുകളും തുരന്നു ഭൂമിക്കുള്ളിലേക്കു പോയവർ ഏറെയാണു തമിഴ്നാട്ടിലെ ദേവാലയില്‍. വയനാട് അതിര്‍ത്തിയോടു ചേര്‍ന്നു പന്തല്ലൂര്‍ താലൂക്കിലെ ദേവാലയിലും പരിസരപ്രദേശങ്ങളിലും ‘മഞ്ഞലോഹം’ തേടി ഇന്നും ഭാഗ്യാന്വേഷികള്‍ എത്തുന്നു. കോവി‍‍ഡ് ലോക്ഡൗണ്‍ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നു പോലും വിദ്യാസമ്പന്നരായ യുവാക്കളുള്‍പ്പെടെ നിധി തേടിയെത്തുന്നതായി തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

ചേരമ്പാടിക്കടുത്തുള്ള ഉപേക്ഷിക്കപ്പെട്ട സ്വര്‍ണഖനിക്കടുത്തുനിന്ന് 4 പേരെ വനംവകുപ്പ് പിടികൂടിയത് അടുത്തിടെയാണ്. ഇവരില്‍നിന്ന് 40,000 രൂപയാണ് പിഴ ഈടാക്കിയത്. അധികൃതരുടെ കണ്ണുവെട്ടിച്ച് ദേവാലയിലെ കാടുകളില്‍ ഇപ്പോഴും സ്വര്‍ണ ഖനനം നടക്കുന്നു. കാട്ടിടവഴികളിലെ വന്‍തുരങ്കങ്ങളില്‍ മൃഗങ്ങളോ മനുഷ്യരോ വീഴുമ്പോള്‍ മാത്രമാണു ഖനനവിശേഷം പുറത്തറിയുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ദേവാലയിലെ സ്വര്‍ണ ഖനികളിലൊന്നില്‍ ഒരു മാസം മാത്രം പ്രായമുള്ള കാട്ടാനക്കുട്ടി കുടുങ്ങിയിരുന്നു. സ്വർണത്തിനായി കുഴിക്കുകയും ഒന്നും കിട്ടാതാകുമ്പോൾ ഉപേക്ഷിക്കുകയും ചെയ്യുന്ന തുരങ്കങ്ങളിൽപ്പെട്ട് വന്യജീവികൾ ചാകുന്നതും ഇവിടെ പതിവാണ്.

സ്വര്‍ണം കുഴിച്ചുനടന്ന സുവര്‍ണ കാലം 

രണ്ടുനൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ദേവാലയുടെ സുവര്‍ണകഥയ്ക്ക്. രാജഭരണകാലഘട്ടം മുതലേ നീലഗിരിയിലെ സ്വര്‍ണനിക്ഷേപത്തില്‍ പലരും കണ്ണുവച്ചു തുടങ്ങി. വന്‍തുരങ്കങ്ങളില്‍നിന്ന് ചാക്കിലേറ്റി പുറത്തെത്തിച്ചു കാട്ടരുവികളില്‍ അരിച്ചെടുത്ത സ്വര്‍ണം വിദേശരാജ്യങ്ങളിലേക്ക് കപ്പല്‍കയറിയിരുന്ന കാലം. കേരളത്തില്‍നിന്ന് ഒട്ടേറെ ജന്മികളും സ്വര്‍ണം കുഴിക്കാനെത്തിയിരുന്നു. 

ബ്രിട്ടിഷ് ആധിപത്യത്തിനു കീഴിലായപ്പോഴാണു വ്യാവസായികാടിസ്ഥാനത്തില്‍ നീലഗിരിയില്‍ സ്വര്‍ണഖനനം തുടങ്ങിയത്. നീലഗിരി-വയനാട് അതിര്‍ത്തിയില്‍ സ്വര്‍ണഖനനത്തിന് 1827ല്‍ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അനുമതി നല്‍കി. നിലമ്പൂര്‍ രാജകുടുംബത്തിന് 10 ശതമാനം റോയല്‍റ്റിയായിരുന്നു വ്യവസ്ഥ. ആല്‍ഫാ ഗോള്‍‍ഡ് മൈനിങ് കമ്പനി, ഇന്ത്യന്‍ ഗ്ലെന്‍റോക്ക് കമ്പനി  തുടങ്ങി ഒട്ടേറെ ഖനി ഭീമന്മാര്‍ ദേവാലയിലെത്തി. കുഗ്രാമായിരുന്ന ദേവാലയും പന്തല്ലൂരും പട്ടണങ്ങളായി വളര്‍ന്നു. ടെലഗ്രാഫ് ഓഫിസും പോസ്റ്റ് ഓഫിസും ഹോട്ടലുകളുമുയര്‍ന്നു. 

സായിപ്പിനു വേണ്ടി സ്വര്‍ണം കുഴിച്ചെടുക്കാന്‍ തടവുകാരായ അടിമകളെ ചൈനയില്‍നിന്നു പോലും കൊണ്ടുവന്നു. മലയും കാടും മുഴുവന്‍ കുഴിച്ചുനടന്നിട്ടും മുടക്കുമുതല്‍ തിരിച്ചുപിടിക്കാനുള്ളത്രയും സ്വര്‍ണം കിട്ടിയില്ല. വയനാട്ടില്‍ മേപ്പാടിയിലും തരിയോട്ടും അക്കാലത്തു സ്വര്‍ണഖനികളുണ്ടായിരുന്നു. 1798ല്‍ ബോംബെ സര്‍ക്കാര്‍ മേപ്പാടിയില്‍ സ്വര്‍ണഖനനത്തിന് ഉദ്യോഗസ്ഥരെ അയച്ചിരുന്നു. 

ഖനനം നഷ്ടമായപ്പോള്‍ പലരും ഖനികള്‍ ഉപേക്ഷിച്ചു മടങ്ങി. സ്വര്‍ണഖനി കമ്പനികളുടെ ഷെയറുകള്‍ കുത്തനെ ഇടിഞ്ഞു. 1893ല്‍ ദേവാലയിലെ അവസാനത്തെ സ്വര്‍ണഖനിക്കമ്പനിയും പൂട്ടിപ്പോയി. അപ്പോഴും നാട്ടുകാര്‍ സ്വര്‍ണവേട്ട അവസാനിപ്പിച്ചില്ല. പുതിയ തുരങ്കങ്ങളെടുത്തും വെള്ളക്കാരന്റെ കുഴികളില്‍ വീണ്ടും കുഴിച്ചും ദേവാലയില്‍ ഇന്നും സ്വര്‍ണം തേടി ധാരാളം ആളുകളുണ്ട്. 

മറ്റെവിടെയും പണിയില്ല, പ്രതീക്ഷ സ്വര്‍ണത്തില്‍ 

ദേവാലയില്‍ മാത്രം ചുരുങ്ങിയത് 50 തുരങ്കങ്ങളെങ്കിലും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടാകുമെന്ന് റവന്യു ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രദേശവാസികളാണു ദിവസക്കൂലിക്കു പണിയെടുക്കുന്നതിലധികവും. ഖനിയുടമകള്‍ മിക്കവാറും പുറത്തുനിന്നുള്ളവരായിരിക്കും. പാറകളില്‍ സ്വര്‍ണത്തിന്റെ അംശം കണ്ടെത്തുന്നതുവരെ കുഴിച്ചുകൊണ്ടേയിരിക്കണം. പിന്നീട് ഇതു പ്രത്യേക തരത്തില്‍ മുറിച്ചെടുത്തു തുരങ്കത്തിനു പുറത്തെത്തിച്ച് മെര്‍ക്കുറിയില്‍ കഴുകിയെടുക്കും. 

Devala-Tourism
ദേവാല കാടിനോടു ചേർന്നുള്ള ടൂറിസം പദ്ധതി. തമിഴ്‌നാട് ടൂറിസം വകുപ്പ് പുറത്തുവിട്ട ചിത്രം.

ദേവാലയിലും പരിസരത്തും സ്വര്‍ണം വേര്‍തിരിക്കുന്ന ‘മില്ലുകള്‍’ പ്രവര്‍ത്തിക്കുന്നുണ്ട്. അയിരുകളടങ്ങിയ പാറക്കഷണങ്ങള്‍ ഇടനിലക്കാര്‍ മുഖേന ഈ മില്ലുകളിലെത്തിച്ചു നല്‍കും. സ്വര്‍ണത്തിന്റെ ഗുണ നിലവാരത്തിനനുസരിച്ചാണു പണം കിട്ടുക. എന്നാല്‍, സ്വർണം കുഴിച്ചെടുക്കാനുള്ള കഷ്ടപ്പാടിന്റെ തോത് വച്ചുനോക്കുമ്പോള്‍ ഖനനം നഷ്ടം തന്നെയെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. എങ്കിലും കോവിഡ് പ്രതിസന്ധിയും തോട്ടം മേഖലയിലുണ്ടായ തൊഴില്‍നഷ്ടവും ദിനംപ്രതി ഒട്ടേറെയാളുകളെയാണു സ്വര്‍ണഖനികളിലേക്ക് എത്തിക്കുന്നത്. 

ഭാഗ്യം തേടിയുള്ള കഠിനപ്രയത്നം

ഏറെ ദുര്‍ഘടം പിടിച്ച പണിയാണു സ്വര്‍ണം തേടിയുള്ള തുരങ്കമുണ്ടാക്കല്‍. കാടിനോടടുത്തുള്ള ഗ്രാമങ്ങളിലെ താമസക്കാര്‍ക്ക് ഖനികളില്‍ പണി കിട്ടാന്‍ എളുപ്പമാണ്. ഇവര്‍ക്കു പ്രദേശത്തെ ഭൂഘടനയെപ്പറ്റി വലിയ അറിവുണ്ടാകുമെന്നതാണു കാരണം. ചിലയിടങ്ങളില്‍ ഇരുപതോ മുപ്പതോ അടി കുഴിക്കുമ്പോഴേക്കും വെള്ളമെത്തും. പിന്നീട് ഇതു പമ്പ് ചെയ്തു കളഞ്ഞുവേണം ‘സ്വര്‍ണശേഖര’ത്തിനടുത്തെത്താന്‍. 

GOLD-AFRICA/SMUGGLING
ആഫ്രിക്കൻ രാജ്യങ്ങളിൽ പലയിടത്തും ദേവാല കാട്ടിലേതിനു സമാനമായി തുരങ്കം കുഴിച്ചു സ്വർണം തേടുന്ന രീതിയുണ്ട്. ചിത്രം: 

ഖനികള്‍ക്കു ചുറ്റും വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണ്. ഏതു നിമിഷവും പൊലീസ്, വനംവകുപ്പ്, റവന്യു അധികൃതരുടെ പിടിയും വീഴാം. പുരുഷന്മാരാണ് ഖനി നൂണ്ടിറങ്ങുക. ഇവര്‍ പുറത്തെത്തിക്കുന്ന പാറക്കല്ലുകള്‍ കഴുകിയെടുത്ത് അയിരു വേര്‍തിരിക്കുക സ്ത്രീകളാണ്. എന്നെങ്കിലും കൂടുതല്‍ അളവില്‍ അയിരുകള്‍ കണ്ടെത്താമെന്ന പ്രതീക്ഷ മാത്രമാണ് ഈ അത്യധ്വാനത്തിനുള്ള ഇന്ധനം. 

നിയമവിരുദ്ധം, അപകടകരം

ഉപേക്ഷിക്കപ്പെട്ട ഖനികള്‍ വലിയ അപകടവും വരുത്തിവയ്ക്കുന്നുണ്ട്. വീടുകളും കെട്ടിടങ്ങളും നിര്‍മിക്കുമ്പോള്‍ അടിത്തറ ഇടിഞ്ഞു തുരങ്കത്തിലേക്കു പതിച്ച സംഭവങ്ങള്‍ വരെ ഇവിടെയുണ്ടായിട്ടിട്ടുണ്ട്. ആരോരുമറിയാത്ത ഒട്ടേറെ തുരങ്കങ്ങളാണു മണ്ണുമൂടിക്കിടക്കുന്നത്. അനധികൃതഖനനം പണ്ടത്തേക്കാള്‍ കുറഞ്ഞിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. നീലഗിരിയിലെ ഭൂനിയമങ്ങള്‍ കുഴ‍ഞ്ഞുമറിഞ്ഞു കിടക്കുന്നതിനാല്‍ അനധികൃത ഖനനത്തിനെതിരെ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ വനം-റവന്യു വകുപ്പുകള്‍ക്കും കഴിയാറില്ല. 

കാടിനോടു ചേര്‍ന്നുള്ള സ്വകാര്യഭൂമിയെന്ന നിര്‍വചനത്തില്‍ റിസര്‍വ് വനഭൂമിപോലുമുള്ള പ്രദേശങ്ങള്‍ ഗൂഡല്ലൂരിലുണ്ട്. പലയിടത്തും ഭൂസര്‍വേ കൃത്യമായി നടന്നിട്ടില്ല. ഭൂവുടമാവകാശം പല കോടതികളിലും കേസുകളില്‍പെട്ടുകിടക്കുന്നു. ഇത്തരം ഭൂമികളിലാണു ഖനനമെങ്കില്‍ നടപടിയെടുക്കുക ദുഷ്കരമാകും. ദേവാലയില്‍ നിധി തേടിയെത്തുന്ന പലരും വെറുംകയ്യോടെയാണു മടങ്ങുന്നത്. കഷ്ടപ്പാടിന്റെ പ്രതിഫലം കിട്ടാതെ മടുത്ത് ഉപേക്ഷിച്ചവരും ഏറെ. എങ്കിലും എന്നെങ്കിലുമൊരിക്കല്‍ രക്ഷപ്പെടാമെന്ന പ്രതീക്ഷയൊന്നുകൊണ്ടുമാത്രം ചില ഭാഗ്യാന്വേഷികള്‍ ഇപ്പോഴും അവിടെ തുടരുന്നു