'മുറിയിൽ നല്ല തണുപ്പായിരുന്നു, വിറയ്ക്കുന്നുണ്ടായിരുന്നു'; കുറിപ്പ് പങ്കുവച്ച് ഛവി മിത്തൽ

'മുറിയിൽ നല്ല തണുപ്പായിരുന്നു, വിറയ്ക്കുന്നുണ്ടായിരുന്നു'; കുറിപ്പ് പങ്കുവച്ച് ഛവി മിത്തൽ

അടുത്തിടെ ബോളിവുഡ് താരം ഛവി മിത്തൽ (Chhavi Mittal) അപ്രതീക്ഷിതമായി അർബുദം (Cancer) ബാധിച്ചതിനെക്കുറിച്ചും ചികിത്സയിലൂടെ കടന്നുപോകുന്നതിനെക്കുറിച്ചുമൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. സ്തനത്തിൽ മുഴ കണ്ടെത്തിയതിനെക്കുറിച്ചും അതു നേരത്തേ തിരിച്ചറിയാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവതിയാണെന്നും ഛവി കുറിച്ചു. 

തുടർന്ന് ശസ്ത്രക്രിയക്ക് തൊട്ടുമുമ്പ് നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും കാൻസർ ബാധിച്ചാലും ജീവിതം പോസിറ്റീവായി മുന്നോട്ടു പോകേണ്ടതിനെക്കുറിച്ചുമൊക്കെ ഛവി പോസ്റ്റ് ചെയ്യുകയുണ്ടായി. ഇപ്പോഴിതാ 
റേഡിയോ തെറാപ്പിയുടെ ആദ്യ ദിനത്തെ കുറിച്ചുള്ള പോസ്റ്റ് അവർ പങ്കുവച്ചിരിക്കുകയാണ്.

' റേഡിയേഷൻ തെറാപ്പിയുടെ ആദ്യ ദിവസം സംഭവബഹുലമായിരുന്നു. മെഷീന് ഒരു തകരാർ ഉണ്ടായിരുന്നു, അവർ അത് പരിഹരിച്ച ശേഷം മുറിയിലേക്ക് കൊണ്ട് പോയി. മുറിയിൽ നല്ല തണുപ്പും ഞാൻ വിറയ്ക്കുന്നതും മാത്രമായിരുന്നു ആകെയുള്ള അസ്വസ്ഥത! എനിക്ക് വെറുതെയിരിക്കാൻ കഴിഞ്ഞില്ല!... 'എന്ന് കുറിച്ച് കൊണ്ടാണ് പോസ്റ്റ് പങ്കുവച്ചത്.

വെള്ള ടീ ഷർട്ടും പച്ച തൊപ്പിയും ധരിച്ചുള്ള ഫോട്ടോയാണ് അവർ പങ്കുവച്ചത്. ഫോട്ടോയില്‌ വയറിലെ ചില അടയാളങ്ങളും കാണാം. കുറിപ്പിൽ‌ 'മനോഹരമായ അടയാളങ്ങൾ' എന്നാണ് അവർ അതിനെ വിശേഷിപ്പിച്ചത്. എന്റെ ശരീരത്തിൽ നിങ്ങൾ കാണുന്ന ഈ മനോഹരമായ അടയാളങ്ങൾ റേഡിയോ തെറാപ്പിയുടെ ഭാ​ഗമാണ്.  റേഡിയേഷൻ തെറാപ്പി (1 മാസം) നീണ്ടുനിൽക്കുന്നത് വരെ എനിക്ക് ഇവ സൂക്ഷിക്കണം...' താരം കുറിച്ചു.

സ്ത്രീകൾക്കിടയിൽ അവബോധം വളർത്തുന്നതിനായി ഛവി മിത്തൽ സ്തനാർബുദത്തിനെതിരെയുള്ള തന്റെ യാത്രയുടെ എല്ലാ വിശദാംശങ്ങളും ഇൻസ്റ്റ​​ഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. നടി തന്റെ വർക്കൗട്ട് വീഡിയോയും ചിത്രങ്ങളുമെല്ലാം പങ്കുവച്ചിരുന്നു. 

വർക്കൗട്ടിന് ഇടയിൽ ബ്രസ്റ്റിന് പരുക്കേറ്റതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഛവിക്ക് കാൻസർ സ്ഥിരീകരിച്ചത്. തുമാരി ദിഷ, ഏക് ചുട്കി ആസ്മ തുടങ്ങിയ സിനിമകളിലൂടെയാണ് ഛവി ശ്രദ്ധനേടുന്നത്. 

രോ​ഗം നേരത്തേ തിരിച്ചറിയാൻ കഴിഞ്ഞതിൽ താൻ ഭാ​ഗ്യവതിയാണെന്നും ഛവി പറയുന്നു. കരുത്തയായ, പ്രചോദിപ്പിക്കുന്ന, പൊരുതുന്ന, സൂപ്പർ വുമൺ എന്നൊക്കെയാണ് അവരിൽ പലരും തന്നെ വിശേഷിപ്പിച്ചത്. തനിക്ക് ആശ്വാസകരമായ സന്ദേശങ്ങൾക്കൊപ്പം പലരും എങ്ങനെയാണ് താൻ സ്തനാർബുദം സ്ഥിരീകരിച്ചതെന്ന് ചോദിച്ചുവെന്നും ഛവി കുറിച്ചു.

മാമോ​ഗ്രാമുകൾ ഉൾപ്പെടെ കൃത്യമായ പരിശോധനകൾ നടത്തി സ്തനാർബു​ദത്തെ പ്രതിരോധിക്കണമെന്നും ശരീരത്തിൽ മുഴകൾ കണ്ടെത്തിയാൽ ഒരിക്കലും അവയെ അവ​ഗണിക്കരുതെന്നും ഛവി പറഞ്ഞു.