കടയില്‍ പോകാന്‍ രേഖ വേണം; ട്രോളില്‍ മുങ്ങി കോവിഡ് നിയന്ത്രണം

ഏതാണ്ട് മൂന്നു മാസം നീണ്ട കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം ഉയര്‍ന്നിരുന്നത്. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളെത്തുടര്‍ന്ന് കടകള്‍ തുറക്കാന്‍ കഴിയാതിരുന്നതോടെ വ്യാപാരികള്‍ സര്‍ക്കാരിനെതിരെ രംഗത്തുവന്നു. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ പൊലീസ് സ്വീകരിക്കുന്ന മനുഷ്യത്വരഹിത സമീപനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ പരസ്യമായി പ്രതികരിക്കാനും ജീവിതോപാധികള്‍ ഇല്ലാതായതിനെത്തുടര്‍ന്നുള്ള ആത്മഹത്യകള്‍ വര്‍ധിക്കുകയും ചെയ്തതോടെ സര്‍ക്കാരിനു മാറി ചിന്തിക്കേണ്ടി വന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ഭാരമാകുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്. കടകള്‍ ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി ഉള്‍പ്പടെയുള്ള ഇളവുകളാണ് ഇന്നു മുതല്‍ നിലവില്‍ വന്നത്.
എന്നാല്‍ കടകളില്‍ പോകാന്‍ വാക്സിന്‍ എടുത്തതിന്റെ രേഖയോ, ഒരു മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ചുവെന്നതിന്റെ രേഖയോ, കോവിഡ് നെഗറ്റീവ് ഫലമോ വേണം. ഇതിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനൊപ്പം സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറയുകയാണ്. എന്നാല്‍ പുതിയ ഇളവുകള്‍ക്ക് എതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ഒരു ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ എടുത്തിട്ട് രണ്ടാഴ്ച ആയവര്‍ക്കും, 72 മണിക്കൂറിനുള്ളില്‍ ചെയ്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവര്‍ക്കും ഒരു മാസം മുമ്ബ് കോവിഡ് പോസിറ്റീവ് ആയ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കും മാത്രമേ കടകള്‍, ചന്തകള്‍, ബാങ്കുകള്‍, പൊതു സ്വകാര്യ ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ , വ്യവസായ സ്ഥാപനങ്ങള്‍, കമ്ബനികള്‍, തുറന്ന പ്രദേശങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശനം അനുവദിക്കൂ എന്നാണ് ഇന്നലെ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
കോവിഡ് വരാത്തവര്‍ക്കും വാക്സിന്‍ ലഭിക്കാത്തവര്‍ക്കും കടകളിലും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പോകേണ്ടെയെന്നാണ് പൊതുവെ ഉയരുന്ന ചോദ്യം. ജീവിതോപാധികള്‍ ഇല്ലാതായവര്‍ക്ക് എപ്പോഴും ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുക്കാന്‍ കഴിയുമോയെന്നും അതിനുള്ള
സൗകര്യം സര്‍ക്കാര്‍ ഒരുക്കുമോയെന്നും ചോദ്യമുയരുന്നുണ്ട്.
പ്രതിഷേധം വ്യാപകമാകുമ്ബോഴും ഉത്തരവില്‍ മാറ്റം വരുത്തില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കിയ നയമാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ പ്രായോഗികമാക്കിയത് അതില്‍ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എന്നാല്‍, ആരോഗ്യ മന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയ്ക്കു വിരുദ്ധമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം.