രണ്ട് ഡോസ് വാക്സിനുമെടുത്ത ഡോക്ടര്‍ക്ക് മൂന്നാമതും കോവിഡ്

മുംബൈ: രണ്ട് ഡോസ് വാക്സിനുമെടുത്ത മുംബൈ ഡോക്ടര്‍ക്ക് മൂന്നാമതും കോവിഡ് സ്ഥിരീകരിച്ചു. 13 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഡോക്ടര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. രണ്ട് ഡോസ് വാക്സിന് എടുത്തതിന് ശേഷവും രണ്ട് തവണ രോഗം വന്നു. മുംബൈ വീര്‍ സവര്‍ക്കര്‍ ആശുപത്രിയിലെ ഡോക്ടറായ ഡോ. ശ്രീഷ്ടി ഹല്ലാരിക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.
ഹല്ലാരിക്കൊപ്പം കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നാണ് ഹല്ലാരിക്ക് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. അന്ന് കാര്യമായ രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് എട്ടിന് ഹല്ലാരി കോവിഷീല്‍ഡിന്‍റെ ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു. ഏപ്രില്‍ 29ന് രണ്ടാം ഡോസും സ്വീകരിച്ചു. മുഴുവന്‍ കുടുംബവും വാക്സിന് സ്വീകരിച്ചിരുന്നു.
എന്നാല്‍, വാക്സിന് സ്വീകരിച്ചതിന് ശേഷം മെയ് 29ന് വീണ്ടും ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ജൂലൈ 11ന് ഡോ. ശ്രീഷ്ടി ഹല്ലാരിക്ക് മൂന്നാമതും കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ മൂന്നാമതും രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ ഇവര്‍ക്ക് ശാരീരികമായ അസ്വസ്ഥതകളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും റെഡംസിവീര്‍ മരുന്ന് നല്‍കുകയും ചെയ്തു.
അതേസമയം, ജനിതകമാറ്റം വന്ന കൊറോണ വൈറസാണോ ഡോക്ടര്‍ക്ക് ബാധിച്ചത് എന്നതിനെ കുറിച്ച് കൂടുതല്‍ പഠനം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.