രോഗികളുട എണ്ണം കുറയുന്നില്ല; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കും; തീരുമാനം നാളെ

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചേക്കും. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
ആഘോഷ ദിനങ്ങള്‍ പ്രമാണിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെ സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയാണ്. 16.41 ആണ് ഞായറാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ രോഗികളുള്ളത്.
രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ബെഡുകളും ഐസിയുകളും നിറയുവാനും കാരണമായിട്ടുണ്ട്. മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയില്‍ 72 ശതമാനം കിടക്കകളിലും രോഗികളുണ്ട്. കാസര്‍കോട് 79 ശതമാനവും തൃശൂരില്‍ 73 ശതമാനവും കിടക്കകള്‍ നിറഞ്ഞു. എറണാകുളം, ഇടുക്കി, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ 40 ശതമാനത്തില്‍ താഴെ കിടക്കകളേ ഒഴിവുള്ളൂ.
1,63,212 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,85,017 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരില്‍ 4,58,431 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,586 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1704 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.