മാറിമറിഞ്ഞ് ടി.പി.ആര് നട്ടംതിരിഞ്ഞ് ജനം

മലപ്പുറം: അടച്ചും തുറന്നും പിന്നെയും അടച്ചും മാറിമറിഞ്ഞ് തുടരുന്ന കോവിഡ് പ്രതിരോധ നടപടികള്‍ ജനജീവിതം ദുസ്സഹമാക്കുന്നു. ഓരോ ആഴ്ചകളിലും മാറിമറിയുകയാണ് കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആര്). കണക്കിെന്റ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളാക്കി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അശാസ്ത്രീയമാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരടക്കം ചൂണ്ടിക്കാണിച്ചിട്ടും സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. കച്ചവടക്കാരെയും അവരെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിനാളുകളെയും കടുത്ത പ്രതിസന്ധിയിലാക്കിയാണ് ഈ മാനദണ്ഡം തുടരുന്നത്. 94 പഞ്ചായത്തുകളും 12 നഗരസഭകളുമായി 106 തദ്ദേശ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. ഇതില്‍ 69 എണ്ണവും നിലവില്‍ സമ്ബൂര്‍ണ ലോക്ഡൗണിലാണ്. ആഴ്ചയില്‍ ഒരു ദിവസം മാത്രം എല്ലാ കടകളും തുറക്കാന്‍ അനുമതിയുള്ള 'സി' കാറ്റഗറിയില്‍ 26 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്.
ഫലത്തില്‍ ജില്ലയിലെ 95 തദ്ദേശ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. മൂന്നു ദിവസം തുറക്കാന്‍ പറ്റുന്ന ബി കാറ്റഗറിയിലാണ് ബാക്കി 11 എണ്ണമുള്ളത്. എല്ലാ അങ്ങാടികളിലും 50 ശതമാനത്തോളം വരുന്ന കടകള്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്നവയാണ്. ഇവയൊക്കെ എല്ലാ ദിവസവും തുറന്നിട്ട് ബാക്കി കടകള്‍ അടച്ചതുകൊണ്ട് എന്ത് നിയന്ത്രണമാണുണ്ടാവുകയെന്ന് വ്യാപാരികള്‍ ചോദിക്കുന്നു. ഇങ്ങനെയൊക്കെ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടും ടി.പി.ആര് നിരക്ക് താഴുന്നുമില്ല.
റോഡിനപ്പുറം സി/ബി, ഇപ്പുറം ഡി/സി
ഒരു റോഡിെന്റ അപ്പുറവും ഇപ്പുറവും രണ്ടു തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന അങ്ങാടികളും പ്രദേശങ്ങളും നിരവധിയാണ് ജില്ലയില്‍. ടി.പി.ആര് മാനദണ്ഡമനുസരിച്ച് റോഡിനപ്പുറത്ത് കടകള്‍ തുറക്കാന്‍ അനുമതിയുണ്ടെങ്കില്‍ ഇപ്പുറത്ത് അതുണ്ടാവില്ല. വള്ളിക്കുന്ന് -തേഞ്ഞിപ്പലം പഞ്ചായത്ത് അതിര്‍ത്തിയിലാണ് ഇതിെന്റ മികച്ച ഉദാഹരണമുള്ളത്. ഒലിപ്രംകടവിലെ സ്വകാര്യ കോംപ്ലക്സ് നില്‍ക്കുന്നത് തേഞ്ഞിപ്പലം പഞ്ചായത്തില്‍. കോംപ്ലക്സിെന്റ മുറ്റത്തോട് ചാരിനില്ക്കുന്ന കെട്ടിടത്തിലെ മീന്‍ മാര്‍ക്കറ്റ് ഉള്‍െപ്പടെയുള്ള കടകള്‍ വള്ളിക്കുന്നിലാണ്. തേഞ്ഞിപ്പലം ബിയിലും വള്ളിക്കുന്ന് ഡിയിലുമാണ്. സ്വകാര്യ കോംപ്ലക്സില്‍ ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കാം. എന്നാല്‍, തൊട്ടടുത്ത് ഒരു കടപോലും തുറക്കാനും പാടില്ല! പുളിക്കല്‍ പഞ്ചായത്തിെന്റ ഭാഗമായ പുളിക്കല്‍ അങ്ങാടിയില്‍ റോഡിെന്റ ഒരു ഭാഗം ഡിയിലാണ്. അപ്പുറം ചെറുകാവ് പഞ്ചായത്തായതിനാല്‍ സിയിലാണ്. കോഴിച്ചെനയില്‍ ദേശീയപാതയുടെ രണ്ടു വശങ്ങള് പെരുമണ്ണ, തെന്നല പഞ്ചായത്തുകളിലാണ്. ഇവിടെയും ഒന്ന് സിയും മറ്റൊന്ന് ഡിയുമാണ്. പെരിന്തല്‍മണ്ണ- അങ്ങാടിപ്പുറം ദേശീയ പാതയില്‍ ജൂബിലി ജങ്ഷന് അപ്പുറവും ഇപ്പുറവും രണ്ട് വിഭാഗങ്ങളിലാണ്. ഇങ്ങനെ നിരവധി പ്രദേശങ്ങളുണ്ട് ജില്ലയില്‍.
ചങ്കിടിച്ച് കച്ചവടക്കാര്‍
ലോക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ വ്യാപാരികളുടെ പ്രതീക്ഷകളെല്ലാം തകിടം മറിക്കുന്ന രീതിയിലാണ് ടി.പി.ആര് പരിഷ്കാരം തുടരുന്നത്. ഇന്ന് തുറക്കാന്‍ പറ്റുന്നിടം നാളെ അടക്കേണ്ടി വരുന്നു. നിലവില്‍ മലപ്പുറം, കൊണ്ടോട്ടി, കോട്ടക്കല്‍ എന്നീ നഗരങ്ങളില്‍ മാത്രമാണ് ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും കടകള്‍ തുറക്കാന്‍ പറ്റുന്നത്. മഞ്ചേരി, തിരൂര്‍, പെരിന്തല്‍മണ്ണ, എടപ്പാള്‍, പൊന്നാനി, നിലമ്ബൂര്‍ തുടങ്ങി പ്രധാന വ്യാപാര, വാണിജ്യ കേന്ദ്രങ്ങളെല്ലാം സിയിലോ ഡിയിലോ ആണ്. നൂറുകണക്കിന് കച്ചവട സ്ഥാപനങ്ങളാണ് അടച്ചിട്ടിരിക്കുന്നത്. ചെറിയ പെരുന്നാള്‍ സീസണില്‍ പൂര്‍ണമായി അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ മൂന്നു ദിവസമെങ്കിലും തുറക്കാന്‍ പറ്റിയത് പെരുന്നാളിനോട് അനുബന്ധിച്ചാണ്. ഇനി ഓണമാണ് വരാനുള്ളത്. ടി.പി.ആര് മാനദണ്ഡങ്ങള്‍ ഇതേ രീതിയില്‍ തുടര്‍ന്നാല്‍ അതും നഷ്ടമാവുമെന്ന ഭീതിയിലാണ് കച്ചവടക്കാര്‍.
ശതമാനക്കണക്കില്‍ വലഞ്ഞ്
ലോക്ഡൗണ്‍ ഭാഗികമായി പിന്‍വലിച്ച ശേഷം ടി.പി.ആര് അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ തരംതിരിച്ചപ്പോള്‍ ഉണ്ടായിരുന്ന ശതമാനക്കണക്കല്ല ഇപ്പോഴുള്ളത്. തുടക്കത്തില്‍ ടി.പി.ആര് 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളായിരുന്നു ഡി വിഭാഗത്തിലുണ്ടായിരുന്നത്. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ അത് 25 ശതമാനം എന്നാക്കി. പിന്നീട് 18ഉം ഇപ്പോഴത് 15ഉം ശതമാനമാണ്. ഓരോ ആഴ്ചയിലും ശതമാനം കുറക്കുന്നത് ഫലത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് തുല്യമായ നടപടിയാണെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു. രണ്ട് വിഭാഗങ്ങളില്‍ പെടുന്ന കച്ചവട സ്ഥാപനങ്ങള്‍ അടുത്തടുത്ത് വരുേമ്ബാള്‍ ആശയക്കുഴപ്പമുണ്ടാവുകയും വ്യാപാരികളും പൊലീസും തമ്മില്‍ കശപിശയുണ്ടാവുന്നതും പതിവാണ്.