പാലോട്ട് ഉൾവനത്തിൽ വൈഡൂര്യ ഖനനം; പ്രതികളെക്കുറിച്ച് വിവരം ഇല്ല

പാലോട്ട് ഉൾവനത്തിൽ വൈഡൂര്യ ഖനനം; പ്രതികളെക്കുറിച്ച് വിവരം ഇല്ല

പാലോട്: മണച്ചാല ഉൾവനത്തിൽ വൻതോതിൽ വൈഡൂര്യ ഖനനം നടക്കുന്നതായ സൂചന ലഭിച്ചതിനെ തുടർന്ന് കൊല്ലം സി.സി.എഫി ൻ്റെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തി.

ഖനനത്തിന് ഉപയോഗിച്ച പമ്പ് സെറ്റ് അടക്കമുള്ള ഉപകരണങ്ങൾ കണ്ടെത്തിയതായി സൂചനയുണ്ട്. പ്രതികളെ കുറിച്ച് വിവരം കിട്ടിയിട്ടില്ല. കല്ലാർ സെക്ഷനിലെ മണച്ചാലയിൽ വനം വകുപ്പ് വാച്ചർമാർക്കുള്ള ക്യാമ്പ് ഷെഡിൽ നിന്നും ഒരു കിലോമീറ്റർ അകലെയായിരുന്നു ഖനനം നടന്നത്.

 മൂന്നാഴ്ചയോളം സംഘം ഇവിടെ തമ്പടിച്ചാണ് ഖനനം നടത്തിയത് എന്നാണ് അറിയുന്നത്.15 അടി താഴ്ചയിൽ നിന്നും വൈഡൂര്യം ലഭിച്ചു എന്നും പറയപ്പെടുന്നു.എന്നാൽ ഇതിനുള്ള സാദ്ധ്യത ഇല്ല എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.

ഖനനം എന്ന് പറയപ്പെടുന്ന ദിവസങ്ങളിൽ വനംവകുപ്പ് വാച്ചർമാരെ പിൻവലിച്ചതിലും ദുരൂഹത ഉണ്ട് എന്ന ആക്ഷേപം ശക്തമാണ്. വർഷങ്ങൾക്ക് മുൻപ് ഇവിടെ ഖനനം നടത്തിയതിന് ഭരതന്നൂർ സ്വദേശികളെ പിടികൂടിയിരുന്നു. ഈ സംഘത്തിലെ ചിലരെ സംശയിക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

കല്ലാർ സെക്ഷനിൽ നിന്നും ഇതുപോലെ നാല് തവണ ഖനനം നടന്നിട്ടുണ്ട്. ബ്രൈമൂർ മേഖലയിലെ ഉൾവന പ്രദേശമാണ് മണച്ചാല. വന്യമൃഗശല്യം രൂക്ഷമാണ് ഈ പ്രദേശത്ത്. മഴ സ്ഥിരമായി പെയ്തിരുന്നതിനാലും മണ്ണിടിച്ചിൽ ശക്തമായതിനാലും ഈ ഭാഗങ്ങളിൽ പൊതുവേ പരിശോധന കുറവായിരുന്നു. ഇതു ഖനനത്തിന് സഹായകമായി. കല്ലാർ വഴിയാണ് സാധാരണയാത്രയെങ്കിലും ഖനനത്തിനായ് എത്തിയത് ബ്രൈമൂർ മലകയറിയെന്നാണ് രഹസ്യവിവരം.മണച്ചാലയിലെ തോടിനോടു ചേർന്നുള്ള പ്രദേശത്തെ പാറയാണ് ഖനനത്തിനായ് തിരഞ്ഞെടുത്തത്.ഇവിടെ വനപാലകർക്ക് എത്തിച്ചേരാൻ പ്രയാസമുള്ള മേഖലയാണ്. ഇതാണ് ഇവിടം തിരഞ്ഞെടുക്കാൻ കാരണം.


കൂടാതെ വാമനപുരം നദിയിലെ ചില മേഖലകളിൽ ഇപ്പോഴും രഹസ്യമായി ഖനനം നടത്തുന്നതായി വിവരം ഉണ്ട്.

കൊല്ലം സി.സി.എഫിന്റെ നേതൃത്വത്തിൽ സംഭവത്തെ പറ്റി ഖനനം നടന്ന സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.