നാഗാലാന്റിൽ സംഘർഷാവസ്ഥ, അസം റൈഫിൾസ് ക്യാമ്പിന് നേരെ ആക്രമണം, ഇന്റർനെറ്റ് വിച്ഛേദിച്ചു

നാഗാലാന്റിൽ സംഘർഷാവസ്ഥ, അസം റൈഫിൾസ് ക്യാമ്പിന് നേരെ ആക്രമണം, ഇന്റർനെറ്റ് വിച്ഛേദിച്ചു

ദില്ലി: നാഗാലാന്റിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ (nagaland firing) 12 ഗ്രാമീണരടക്കം 13 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ മേഖലയിൽ സംഘർഷം. സാധാരണക്കാർ കൊല്ലപ്പെട്ട വെടിവെപ്പിൽ പ്രതിഷേധിച്ചെത്തിയ പ്രദേശവാസികൾ സംഘടിച്ച് സർക്കാർ കേന്ദ്രങ്ങളും വാഹനങ്ങളും ആക്രമിച്ചു. മോൺ നഗരത്തിലെ അസം റൈഫിൾസിന്റെ ക്യാമ്പും നാട്ടുകാർ ആക്രമിച്ചു. ക്യാമ്പിന് തീയിടാൻ ശ്രമം നടന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അസം റൈഫിൾസ് വൃത്തങ്ങൾ അറിയിച്ചു. പ്രതിഷേധക്കാരെ വിരട്ടി ഓടിക്കാൻ ആകാശത്തേക്ക് വെടിവെച്ചു. 

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൊണ്ടുവന്ന പള്ളിയിലും സംഘർഷം ഉണ്ടായി. ഇതേത്തുടർന്ന് മൃതദേഹങ്ങൾ സംസ്കരിക്കുന്നത് നാളെത്തേക്ക് മാറ്റിവച്ചു. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് മോൺ ജില്ലയിലെ ഇന്റർനെറ്റ്- എസ്എംഎസ് സേവനങ്ങൾ റദ്ദാക്കി. 

നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ഒരു സൈനികനും കൊല്ലപ്പെട്ടു. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഖനി തൊഴിലാളികളായ ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ തൊഴിലാളികളുടെ സംഘം ട്രക്കിൽ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് സുരക്ഷസേനയുടെ വെടിവെച്ചത്.

വിഘടനവാദികൾ ആക്രമണം നടത്താൻ എത്തുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് സൈന്യം ഇവിടെ തെരച്ചിൽ നടത്തുകയായിരുന്നു. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ക്കുനേരെ വെടിവെച്ചെന്നാണ് സൈന്യത്തിന്റെ വിശദീകരണം. സംഭവത്തിൽ ഖേദം രേഖപ്പെടുത്തിയ സൈന്യം അന്വേഷണം നടത്തുമെന്ന് അറിയിച്ചു. സംഭവത്തിൽ നാഗാലാൻഡ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

സംഭവത്തെ അപലപിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി, നാഗാലാൻഡിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. പൗരന്മാരോ, ജവാന്മാരും സുരക്ഷിതരല്ലാത്ത നാട്ടിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.