സഭാ പെരുമാറ്റം പഠിപ്പിക്കാന്‍ ശിവന്‍കുട്ടി യോഗ്യനെന്ന് സതീശന്; ഗുരുതുല്യനായി കാണുന്നതില്‍ നന്ദിയെന്ന് മന്ത്രി

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതക (Venjarammoodu Murder) കേസില്‍ അടിയന്തരപ്രമേയത്തിനായുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് സ്പീക്കര്‍ അറിയിച്ചു. കേസില്‍ കുറ്റപത്രം സമർപ്പിച്ചിതാണെന്നും വിചാരണ നടക്കാനിരിക്കുകയായതിനാല്‍ അടിയന്തര പ്രാധാന്യമില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങി. ഇതിനിടെ പ്രതിപക്ഷനേതാവ് വി ഡി സതീശനും മന്ത്രി വി ശിവന്‍കുട്ടിയും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. സഭയിൽ അനാവശ്യ പ്രതിഷേധമാണ് നടത്തുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി കുറ്റപെടുത്തി. സഭയിലെ പെരുമാറ്റം പഠിപ്പിക്കാന്‍ യോഗ്യനാണ് ശിവന്‍കുട്ടിയെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ഗുരുതുല്ല്യനായി കാണുന്നതില്‍ നന്ദിയെന്നും ന്യായമായ കാര്യത്തിനാണ് സഭയിൽ അന്ന് പ്രതിഷേധിച്ചതെന്നും മന്ത്രി വിശദീകരിച്ചു.