മീഡിയ വൺ ചാനലിന് പ്രക്ഷേപണം തുടരാം; വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ദില്ലി: മീഡിയ വൺ (Media One) ചാനലിന്റെ വിലക്ക് സുപ്രീം കോടതി (Supreme Court) സ്റ്റേ ചെയ്തു. മാധ്യമം ബ്രോഡ്കാസ്റ്റിങ്ങിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചാനലിന് പ്രവർത്തനം തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നേരത്തെ പ്രവർത്തിച്ചിരുന്ന രീതിയിൽ പ്രവർത്തനം തുടരാമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാധ്യമ സ്ഥാപനമെന്ന നിലക്ക് പരിരക്ഷയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കേന്ദ്രത്തിന് രണ്ടാഴ്ചയ്ക്കകം കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്യാം, നേരത്തെ സമർപ്പിച്ച രേഖകൾ പരാതിക്കാർക്ക് കൈമാറാവോ എന്നതും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 26ന് മുമ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്തണം.
വിധിയെ മീഡയ വൺ സ്വാഗതം ചെയ്തു. വൈകാതെ തന്നെ ചാനൽ ഓൺ എയറിലെത്തുമെന്ന് ചാനലിന്‍റെ എഡിറ്റർ പ്രമോദ് രാമൻ പ്രതികരിച്ചു.