നിയന്ത്രണങ്ങളിലെ ഭേദഗതി സിപിഎമ്മിനെ സഹായിക്കാൻ; ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ്
കൊച്ചി: കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ (Covid Regulations) സർക്കാർ മാറ്റം വരുത്തിയത് സിപിഎമ്മിനെ (CPM) സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheesan) ആരോപിച്ചു. സി പി എം സമ്മേളനം നടത്താൻ വേണ്ടിയാണ് ജില്ലകളെ തരംതിരിച്ചത്. ഇതിനായാണ് എ, ബി, സി കാറ്റഗറി ഉണ്ടാക്കിയതെന്നും തൃശ്ശൂർ, കാസർകോട് ജില്ലകളെ ഉദാഹരണമായി സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പുതിയ മാനദണ്ഡങ്ങൾ പ്രകാരം തൃശൂരും കാസർഗോഡും കർശന നിയന്ത്രണങ്ങളിൽ നിന്ന് പുറത്തായി. ഇവിടെ സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് ഈ നടപടി. ടിപിആർ അനുസരിച്ച് തൃശ്ശൂരും കാസർകോടും കർശന നിയന്ത്രണം വേണ്ട ജില്ലകളാണ്. പാർട്ടി സമ്മേളനം നടത്താൻ വേണ്ടി നിയന്ത്രണം മാറ്റിയത് അപഹാസ്യമായിപ്പോയി. കൊവിഡ് ബാധ കൂടാനുള്ള കാരണമായി സിപിഎം സമ്മേളനങ്ങൾ മാറി. ഈ സമ്മേളനങ്ങളിലൂടെ നൂറുകണക്കിനാളുകൾ രോഗബാധിതരായി. നേതാക്കൾ വിവിധ ജില്ലകളിലെത്തി രോഗം പടർത്തി.
ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിക്കുന്നത് എകെജി സെന്ററിൽ നിന്നാണ്. പൊതുപരിപാടികൾ റദ്ദാക്കിയെന്ന ഉത്തരവ് കാസർകോട് കളക്ടർ നിമിഷങ്ങൾക്കകം റദ്ദാക്കി. സമ്മർദ്ദം മൂലമല്ല അങ്ങനെ ചെയ്തതെന്നൊക്കെ വിശദീകരിക്കാനല്ലേ പറ്റൂ. ആരോഗ്യവകുപ്പ് നിശ്ചലമാണ് ആരോഗ്യവകുപ്പ് ജനങ്ങളെ പരിഹസിക്കുകയാണെന്നും വി ഡി സതീശൻ വിമർശിച്ചു.