സംസ്ഥാനത്ത് കോവിഡ് രോഗ തീവ്രത കുറയുകയാണെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് രോഗത്തിന്റെ തീവ്രത കുറഞ്ഞുവരികയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. നിയമസഭാ ചോദ്യോത്തരവേളയിലാണ് ആരോഗ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കേരളത്തിന്‍റെ പ്രതിരോധ സംവിധാനം മികച്ചതാണെന്നാണ് രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. ആശുപത്രികളിലെത്തുന്ന രോഗികളില്‍ ഐ.സി.യു ചികിത്സ വേണ്ടവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത എല്ലാ കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ വിശദീകരിച്ചു. കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒാണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത് കാലതാമസം ഒഴിവാക്കാനാണ്. ഡോക്ടറോ ആശുപത്രി സൂപ്രണ്ടന്‍റോ ആണ് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഒാണ്‍ലൈനില്‍ അപ് ലോഡ് ചെയ്യുന്ന മരണങ്ങളുടെ കണക്ക് ജില്ലാ തലത്തില്‍ കോഡീകരിച്ച് പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്.ജൂണ്‍ 14ന് മുമ്ബ് നടന്ന കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുന്ന നടപടി തുടരുകയാണ്.
ജില്ലാ മെഡിക്കല്‍ ഒാഫീസര്‍മാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കൂടുതല്‍ സമയം അനുവദിച്ചത്. പരിശോധന പൂര്‍ത്തിയാക്കി വേഗത്തില്‍ കണക്ക് പ്രസിദ്ധീകരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. കോവിഡ് മരണം സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് സുതാര്യമായ നിലപാടാണുള്ളതെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.